ക്യാമറയ്ക്ക് മുന്നിലെ ലൈവ് പ്രസവം: ശ്വേത മേനോന്‍ വിമര്‍ശിക്കപ്പെടുന്നു
Movie Day
ക്യാമറയ്ക്ക് മുന്നിലെ ലൈവ് പ്രസവം: ശ്വേത മേനോന്‍ വിമര്‍ശിക്കപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2012, 12:34 pm

സിനിമയിലെ രംഗത്തിനായി തന്റെ പ്രസവം ലൈവായി ചിത്രീകരിച്ചതിന് നടി ശ്വേതാ മേനോന്‍ വിമര്‍ശിക്കപ്പെടുന്നു.  പ്രസവം തല്‍സമയം കാമറയില്‍ പകര്‍ത്തിയ നടപടിയെ വിമര്‍ശിച്ച് സ്പീക്കര്‍ ജി.കാര്‍ത്തികേയനും മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്.[]

മാതൃത്വത്തിന്റെ നന്മയെക്കുറിച്ച് പ്രതിപാദിക്കുന്ന ബ്ലസിയുടെ പുതിയ ചിത്രമായ കളിമണ്ണിന് വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ പ്രധാന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്വേതാമേനോനാണ്. ചിത്രത്തിലെ നായിക പ്രസവിക്കുന്ന രംഗത്ത് ശ്വേതയുടെ യഥാര്‍ഥ പ്രസവം തന്നെ പ്രേക്ഷകരെ കാണിക്കാനായിരുന്നു സംവിധായകന്‍ ബ്ലെസിയുടേയും ശ്വേതയുടേയും തീരുമാനം.

കഴിഞ്ഞ സെപ്റ്റംബര്‍ 27ന് വൈകിട്ട് 5.26നായിരുന്നു ശ്വേത മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ രംഗങ്ങള്‍ ലേബര്‍ റൂമില്‍ പ്രത്യേകം സജ്ജീകരിച്ച കാമറയില്‍ സംവിധായകന്‍ ബ്ലസിയും സംഘവും പകര്‍ത്തുകയും ചെയ്തു.

ഒരു സംവിധായകന്‍ നടിയുടെ പ്രസവം തല്‍സമയം കാമറയില്‍ പകര്‍ത്തുന്നതും മാധ്യമങ്ങള്‍ അതു വലിയ വാര്‍ത്തയാക്കുന്നതും അധാര്‍മികമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് പരസ്യമായി പ്രതികരിച്ചിരുന്നു.

താന്‍ പ്രസവിക്കുന്നത് ലോകം മുഴുവന്‍ കാണുന്നതില്‍ എതിര്‍പ്പില്ലെന്ന് ഒരു സ്ത്രീ സമ്മതിച്ചാല്‍ കൂടി സംവിധായകന്‍ അതിന് തയ്യാറാകരുതെന്നായിരുന്നു ജി.കാര്‍ത്തികേയന്‍ പറഞ്ഞത്.

പ്രസവം ഒരു മഹനീയമായ സ്വകാര്യതയാണ്. പ്രസവം എന്ന സ്വകാര്യത സിനിമയില്‍ പകര്‍ത്തിയത് നവജാതശിശുവിന്റെ സ്വകാര്യതയ്ക്കുമേലുള്ള അമ്മയുടെ കടന്നുകയറ്റമാണ്. അമ്മയുടെ ഉദരത്തിലുള്ള ഭ്രൂണത്തിന് പോലും സ്വകാര്യതയുണ്ട്. മനുഷ്യന്റെ സ്വകാര്യത പൊതുമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് വാണിജ്യവത്കരണമാണെന്നും ഇതേ കുട്ടിയുമായി നടി അവാര്‍ഡ് വാങ്ങാനെത്തി മാധ്യമ ശ്രദ്ധ പിടിച്ചതും വാണിജ്യവത്കരണത്തിന്റെ ഭാഗമാണെന്നും ജി.കാര്‍ത്തികേയന്‍ തുറന്നടിച്ചിരുന്നു.

പ്രസവ ചിത്രീകരണം ധാര്‍മികമല്ലെന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം. ഇവിടെ സ്വകാര്യത വിപണനം ചെയ്യുകയാണ്. നടിക്ക് സ്വകാര്യത വേണ്ടായിരിക്കാം. പക്ഷേ കുഞ്ഞിന് അതിനുള്ള അവകാശമുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ പ്രസവം ചിത്രീകരിച്ചത് അത്ര വലിയ തെറ്റായിട്ട് തോന്നുന്നില്ലെന്നായിരുന്നു ഇതേ കുറിച്ച് നടി ശ്വേതാ മേനോന്റെ പ്രതികരണം.

“ഞാനെന്റെ കുഞ്ഞിന്റെ മനുഷ്യാവകാശം ലംഘിച്ചതായി തോന്നുന്നില്ല. ഒരു സ്ത്രീക്കും തന്റെ പ്രസവം എങ്ങനെയായിരുന്നെന്നോ എപ്പോഴായിരുന്നെന്നോ അറിയാന്‍ കഴിയില്ല. എന്നാല്‍ എന്റെ പ്രസവവും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ പ്രസവിക്കുമ്പോള്‍ അവര്‍ അത് ചിത്രീകരിക്കുന്നുണ്ടെന്നോ ലേബര്‍ റൂമില്‍ മറ്റ് ആളുകളുണ്ടെന്നോ കാര്യം എന്റെ മനസിലേ ഇല്ലായിരുന്നു.  ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഞാനില്ല. ഈ ലോകം തിരിച്ചറിയേണ്ട ഒന്നാണ് മാതൃത്വം. അത് എന്നിലൂടെ അറിയാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂ. ഇതിന്റെ പേരില്‍ എന്റെ മകള്‍ സബൈന ഭാവിയില്‍ എന്നെ കുറ്റപ്പെടുത്തുമെന്ന്‌ കരുതുന്നില്ല.

എന്റെ കുഞ്ഞിനേയുമെടുത്ത് അവാര്‍ഡ് വാങ്ങിക്കാന്‍ വന്നതാണ് പലരും കുറ്റമായി പറയുന്നത്. എന്റെ കുഞ്ഞിനെ എവിടെ കൊണ്ടുപോകണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. മുംബൈയിലെ ആശുപത്രിയിലാണ് ഞാന്‍ പ്രസവിച്ചത്. പ്രസവത്തോടനുബന്ധിച്ച്
ഞാന്‍ മുംബൈയില്‍ വിശ്രമത്തിലാണ്. കുഞ്ഞിനെ മുംബൈയില്‍ തനിച്ചാക്കി അവാര്‍ഡ് വാങ്ങാന്‍ ഞാന്‍ എത്തിയിരുന്നെങ്കില്‍ അതാവുമായിരുന്നു വലിയ വിവാദം. കുഞ്ഞിനെ അവാര്‍ഡ് വാങ്ങാന്‍ കൊണ്ടുവന്നതില്‍ കച്ചവട താത്പര്യം ഒന്നുമില്ല. എന്റെ അഭിനയത്തിന് സര്‍ക്കാരും പ്രേക്ഷകരും തന്ന ബഹുമതിയാണ് അവാര്‍ഡ്. പ്രസവശേഷം വിശ്രമത്തിലാണെന്ന് പറയാതെ അത് വാങ്ങാന്‍ വന്നതാണ് ഇപ്പോള്‍ വലിയ കുറ്റമായത്.

എന്റെ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ അനുവാദത്തോടെയാണ് അവാര്‍ഡ് വാങ്ങാന്‍ കുഞ്ഞിനേയും കൊണ്ട് കേരളത്തിലെത്തിയത്. കുഞ്ഞിനും എനിക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് ഡോക്ടര്‍മാര്‍ അതിനു സമ്മതിച്ചത്. ഇതിന്റെ പേരില്‍ ബാക്കിയുള്ളവര്‍ എന്ത് പറഞ്ഞാലും ഞാന്‍ അത് കാര്യമാക്കുന്നില്ല.  ഈ വിഷയത്തില്‍ എന്റെ മേലില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ വന്നിട്ടുണ്ടെങ്കില്‍ അവസരം ലഭിച്ചാല്‍ അത് തിരുത്തും”- ശ്വേത പറഞ്ഞു.