സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്‍, സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍, ടെക്‌നോക്രാഫ്റ്റ് കെ.പി.പി നമ്പ്യാര്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയ ചടങ്ങിനിടെയാണ് പ്രസ്തുത കവിത വിതരണം ചെയ്തത്
[]കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിനെതിരെ എഴുതിയെന്ന പേരില്‍ വിവാദമായ കവിതയാണ് മാധവാ രാഘവാ പത്മനാഭാ.
സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്‍, സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍, ടെക്‌നോക്രാഫ്റ്റ് കെ.പി.പി നമ്പ്യാര്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയ ചടങ്ങിനിടെയാണ് പ്രസ്തുത കവിത വിതരണം ചെയ്തത്.[]
വി.സിക്കെതിരെ കവിതയെഴുതി പ്രചരിപ്പിച്ചു എന്ന പേരില്‍ കണ്ണൂര്‍ സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റും ഡപ്യൂട്ടി രജിസ്റ്റാറുമായ കെ.പി സുധീപ് ചന്ദ്രനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
മാധവാ, രാഘവാ, പത്മനാഭാ
(ഗദ്യ കവിത)
കയ്യൂരിലെ കുരുക്ഷേത്രഭൂമിയില്‍
തേരുതെളിയിച്ച മാധവാ
നീല കുയിലിനും കള്ളിച്ചെല്ലമ്മക്കും
പാട്ടുടുപ്പുകള്‍ തുന്നി നല്‍കിയ രാഘവാ
ശക്തിപ്രവാഹങ്ങളെ വെറും ചിപ്പിലൊതുക്കിയ പത്മനാഭ
സ്വാഗതം, സ്വാഗതം, സ്വാഗതം
എനിക്ക് കരമൊഴിവായി പതിച്ചുകിട്ടിയ
മണ്ണിലേക്ക് സ്വാഗതം സ്വാഗതം
മാധവാ രാഘവാ പത്മനാഭ
നിങ്ങള്‍ പുതിയ കാറിനുവേണ്ടി
എം.എ പരീക്ഷയില്‍ ആദ്യതവണ തോറ്റ
മണ്ടനായ കുട്ടിയെപ്പോലെ കരഞ്ഞില്ല!
നിങ്ങളെല്ലാവര്‍ക്കുംവേണ്ടി പടനയിക്കുകയും
പാട്ടുമൂളുകയും സ്വപ്‌നം കാണുകയും മാത്രം ചെയ്തു
ഞാനോ?
ഞാന്‍ ചെറിയ ലക്ഷ്യങ്ങള്‍ക്കായി വലിയ സ്വപ്‌നങ്ങള്‍ കണ്ടു
സ്വപ്‌നങ്ങളില്‍ വലിയ കാറും യൂനിഫോമണിഞ്ഞ ഡ്രൈവറും വന്നു
സ്വീകരണങ്ങളും ആശംസകളും പൊന്നാടകളും നിരന്നു
ദു:സ്വപ്‌നങ്ങളില്‍ ഫയലുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും നിറഞ്ഞു
മാധവാ, രാഘവാ, പത്മനാഭ നിങ്ങളോ
നിങ്ങളൊരു ബിരുദത്തിനായും പടവെട്ടിയില്ല
ബിരുദം ലഭിക്കാത്തതിന് പത്രസമ്മേളനം നടത്തിയില്ല*
ബിരുദങ്ങള്‍ കാലത്തിലൂടെ ഒരു താലത്തിലെന്നോണം
നിങ്ങളെ തേടിയെത്തി.
ഞാനോ?
ഞാന്‍ ബിരുദത്തിനായി യുദ്ധം നയിച്ചു
വാശിപിടിച്ചു കരഞ്ഞു, ഭീഷണിപ്പെടുത്തി
കത്തിമുനയാല്‍ അത് തട്ടിയെടുത്തു
(നാണം കെട്ടും ബിരുദം നേടിയാല്‍
ബിരുദം സ്ഥാനം കൊണ്ടുതരും)
നിങ്ങളുടേതു കാലം നല്‍കിയ ബിരുദം
എന്റേതുകാലമെത്താത്ത മൂക്കാത്ത ബിരുദം*
മാധവാ, രാഘവാ, പത്മനാഭ
നിങ്ങള്‍ക്കൊരൊറ്റമുഖം
പ്രത്യയശാസ്ത്രം പോലെ, സംഗീതം പോലെ
വിദ്യുത് പ്രവാഹം പോലെ സുതാര്യം സ്വീകാര്യം
എന്നാലെനിക്ക് നൂറുമുഖം*
വെളുത്ത ഖദറും അതിലും വെളുത്ത ചിരിയും
അതിവിനയത്തിന്റെ കപട ഭാഷണവും
പൊതിഞ്ഞുകാക്കുന്ന പലമുഖങ്ങള്‍
ഞാന്‍ തനി ഗുണ്ടയാണ്, മൃഗമാണ്*
വെറും തറയാണ്
ചീഞ്ഞ രാഷ്ട്രീയക്കാരനാണ്
ശീതോഷ്ണങ്ങള്‍ ക്രമീകരിച്ച മുറിയിലും
എന്നിലെ മൃഗം തുടല്‍ പൊട്ടിച്ച് ചുരമാന്തുമ്പോള്‍
നിന്നെ ഞാന്‍ കടിച്ചുകീറും നിന്നെ നശിപ്പിക്കും
നിന്നെ കത്തിച്ചുകളയും ഞാന്‍
ചില സരിത സമ്മോഹന നിമിഷങ്ങളില്‍
ഒരുമ്മതരട്ടെ എന്ന് കൊഞ്ചുകയും ചെയ്യും*
ചിരിച്ചു അതിവിനയം കാണിച്ചു
മാധവാ രാഘവാ പത്മനാഭ
നിങ്ങളെ ആലിംഗനം ചെയ്യുന്ന
എന്റെ ഇന്നത്തെ പച്ചവേഷം
അന്ധനായ കുരു ചക്രവര്‍ത്തി
പണ്ടേ ആടിത്തീര്‍ത്തതാണ്
(എന്റെ മക്കള്‍ ദുര്യോധനനും, കീഴോത്തും
ദുശ്ശാസനനും ചാത്തോത്തും
ചാലിലും മമ്മാലിയും എവിടെയാണ് സജീവാ)
ഇന്നത്തെ എന്റെ കോമാളി വേഷം മറക്കുക
പക്ഷികളില്‍ ഞാന്‍ ഗരുഡനാകുന്നു
കാറുകളില്‍ ഞാനിന്നോവയാകുന്നു
വീസിമാരില്‍ ഞാന്‍ അന്തര്‍ദേശീയനാകുന്നു
രീതികളില്‍ ഞാന്‍ കാസര്‍കോടധോലോകമാകുന്നു
ഞാന്‍ തനി ഗുണ്ടയാകുന്നു, മൃഗമാണു
ഞാന്‍ തറയാണ്, വെറും തറയാണ്
തറ മാത്രമാണ്, അതുമാത്രമാണ്
ആയതിനാല്‍ മാധവാ, രാഘവാ, പത്മനാഭ
വന്നെത്തിയവരെ, സഭാവാസികളെ, മാന്യരേ
എനിക്ക് ചുറ്റും നാരങ്ങവെള്ളമൊഴിച്ച്
എന്നെ പ്രണമിക്കൂ, തറയെ നമിക്കൂ
തറയെ, എന്നെ, മാത്രം
നമിക്കൂ, പ്രണമിക്കൂ!