World News
നയങ്ങള്‍ക്ക് വിരുദ്ധം; സുഡാനില്‍ റാപിഡ് ഫോഴ്‌സസിന്റെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്തു
ഖാര്‍ത്തൂം: സുഡാനിലെ അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട് ഫോഴ്‌സസിന്റെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്തു. ആര്‍.എസ്.എഫിന്റെ രണ്ട് അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.
ഫേസ്ബുക്കിന്റെ വ്യക്തിപരമായ നയങ്ങള്‍ ലംഘിച്ചത് കാരണമാണ് പേജ് നീക്കം ചെയ്തതെന്ന് ഫേസ്ബുക്ക് പറഞ്ഞു. ഈ നീക്കം ആര്‍.എസ്.എഫിന്റെ തലവന്‍ ഹേമേതി എന്നറിയിപ്പെടുന്ന മുഹമ്മദ് ഹംദാന്‍ ഡഗാലോയെ പ്രതികൂലമായി ബാധിക്കും എന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സംഭവത്തില്‍ ആര്‍.എസ്.എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏപ്രില്‍ മുതല്‍ ആര്‍.എസ്.എഫും സുഡാനീസ് സായുധ സേനയും തമ്മിലുള്ള സംഘര്‍ഷം സുഡാനില്‍ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 3,900 പേര്‍ കൊല്ലപ്പെട്ടെന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കലാപത്തെ തുടര്‍ന്ന് ഒരു മില്യണിലധികം ആളുകള്‍ മാറിതാമസിക്കേണ്ടതായി വന്നു. കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ലൈംഗികാതിക്രമം, പീഡനവുമുള്‍പ്പെടെ നിരവധി അക്രമങ്ങള്‍ നടത്തുന്നുവെന്ന് ആര്‍.എസ്.എഫിനെതിരെ രാജ്യം മുഴുവനും പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഡാര്‍ഫുര്‍ മേഖലയില്‍ നിന്നും ഉയരുന്നുണ്ട്. എല്‍ജനീയയിലെ തെരുവുകളില്‍ അടക്കം ചെയ്യാത്ത മൃതദേഹങ്ങള്‍ കുന്നു കൂടുമ്പോഴും പ്രാദേശികമായി അറബ് ഇതര മസാലിത് ഗ്രൂപ്പുകളെ ആര്‍.എസ്.എഫ് ടാര്‍ഗെറ്റ് ചെയ്യുന്നുണ്ടെന്ന് ഡാര്‍ഫറില്‍ നിന്ന് രക്ഷപ്പെട്ടവരും വ്യക്തമാക്കുന്നുണ്ട്.
മനുഷ്യാവകാശ സംഘടനകള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാരും അടങ്ങുന്ന സംഘങ്ങള്‍ തുടങ്ങിയവര്‍ സുഡാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എന്‍.കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട്.
പ്രസ്താവനയില്‍ സുഡാനിലെ യു.എന്‍. ഇന്റഗ്രേറ്റഡ് ട്രാന്‍സിഷന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇരു ഗ്രൂപ്പുകളും നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചു.
നേരത്തെ തന്നെ സുഡാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരുന്നു.
തീവ്രമായ യുദ്ധത്തിനിടയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിനുള്ള ആരോഗ്യപരമായും മാനസികപരമായുമുള്ള ചികിത്സ ലഭിക്കുന്നില്ലെന്നാണ് മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് അന്ന് പറഞ്ഞത്.
സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുള്ള അധികാര തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്.
content highlights: Contrary to policies; Facebook page of Rapid Forces in Sudan taken down