ദല്‍ഹി കലാപസമയത്ത് നടന്ന അങ്കിത് ശര്‍മ കൊലപാതകേസിലും കലാപത്തിലും ആംആദ്മി നേതാവ് താഹിര്‍ ഹുസൈനെതിരെയുള്ള പൊലീസ് ചാര്‍ജ്ഷീറ്റ് വിവാദമാകുന്നതിന് പിന്നിലെ കാരണങ്ങള്‍
ദല്‍ഹി കലാപസമയത്ത് നടന്ന ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആംആദ്മി നേതാവ് താഹിര്‍ ഹുസൈനെതിരെ ദല്‍ഹി പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഈ ചാര്‍ജ്ഷീറ്റില്‍ പറഞ്ഞ കാര്യങ്ങളിലെ വസ്തുതാവിരുദ്ധതയും കലാപം സംബന്ധിച്ചുള്ള രണ്ടാമത്തെ ചാര്‍ജ്ഷീറ്റില്‍ പറയുന്ന വിവരങ്ങളുമായി ഇത് ഒത്തുപോകാത്തതുമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.
അങ്കിത് ശര്‍മയുടെ മൃതദേഹം അഴുക്കുചാലില്‍ വലിച്ചെറിയുന്നതിന്റെ വീഡിയോകള്‍ പുറത്തുവരികയും ഇതിനെ ആസ്പദമാക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹസീന്‍ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹസീന്‍ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ അന്വേഷണം സംബന്ധിച്ച് പൊലീസിനെതിരെ വലിയ ആരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ല. പക്ഷെ പൊലീസ് റിപ്പോര്‍ട്ടില്‍ ഈ കൊലപാതകത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധവുമായും ആംആദ്മി നേതാവായ താഹിര്‍ ഹുസൈനുമായും ബന്ധിപ്പിക്കുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ആരോപണവിധേയമായിരിക്കുന്നത്.
ഈ വിഷയത്തില്‍ ദല്‍ഹിയിലെ പ്രമുഖ അഭിഭാഷകനായ സരീം നവേദ് ദി വയറില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ചില വസ്തുതകള്‍ പരിശോധിക്കാം.
ചാര്‍ജ്ഷീറ്റ് എന്നാല്‍ ഒരു കേസില്‍ എല്ലാ അന്വേഷണത്തിനും ശേഷം പൊലീസ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടാണ്. കേസിന്റെ അവസാനത്തെ റിപ്പോര്‍ട്ട്. ഇതില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ എല്ലാ വിവരങ്ങളും കൃത്യമായി ഉള്‍പ്പെടുത്തിയിരിക്കണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് ഉണ്ടായിരിക്കേണ്ടതും.
എന്നാല്‍ ആംആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള അങ്കിത് ശര്‍മ കൊലക്കേസിന്റെ ചാര്‍ജ്ഷീറ്റിന്റെ ആദ്യ പേജുകളിലെല്ലാം കടന്നുവരുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തെക്കുറിച്ചുള്ള വിവരണങ്ങളും ഷര്‍ജീല്‍ ഇമാം, ചന്ദ്രശേഖര്‍ ആസാദ്, ഹര്‍ഷ് മന്ദര്‍ എന്നിവരുടെ പ്രസംഗത്തിലെ ഭാഗങ്ങളും മറ്റുമാണ്. കേസിലെ പ്രതികളുടെയും സാക്ഷികളുടെയും പേരുകള്‍ക്ക് തൊട്ടുപിന്നാലെ ഇത്തരം വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന് യാതൊരു സാംഗത്യവുമില്ലെന്നാണ് നിയമവിദഗ്ധരെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
പ്രമുഖ എഴുത്തുകാരനായ ഹര്‍ഷ് മന്ദര്‍ ജാമിഅയില്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളും ചാര്‍ജ്ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഈ ഭാഗങ്ങള്‍ കേസിന്റെ വിചാരണ സമയത്ത് കോടതി തന്നെ തള്ളിക്കളഞ്ഞിരുന്നു. അത്തരത്തില്‍ കോടതി പോലും തെളിവായി അംഗീകരിക്കാത്ത ഒരു വിഷയം എങ്ങിനെയാണ് ചാര്‍ജ്ഷീറ്റില്‍ ഉള്‍പ്പെടുത്താനാകുക എന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്.
പൗരത്വ പ്രതിഷേധം സംബന്ധിച്ച് ഈ ചാര്‍ജ്ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളെക്കുറിച്ച് ഇതേ സംശയം തന്നെയാണ് പലരും ഉന്നയിക്കുന്നത്. ചാര്‍ജ്ഷീറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായങ്ങള്‍ എഴുതിവെക്കാനുള്ള സ്ഥലമല്ലെന്നും തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയായിരിക്കണം ഇത് തയ്യാറാക്കേണ്ടതെന്നും സരീം നവേദ് ചൂണ്ടിക്കാണിക്കുന്നു.
അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം ഒരു ഘട്ടം വരെ ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത് എന്ന് തോന്നുമെങ്കിലും അങ്കിതിന്റെ അച്ഛനും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനുമായ രവീന്ദര്‍ കുമാര്‍ മകനെ കാണാനില്ലെന്ന് പറഞ്ഞ് നല്‍കിയ പരാതിയിലെ വസ്തുതകളുമായി ഈ റിപ്പോര്‍ട്ട് ഒത്തുപോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഫെബ്രുവരി 25ന് വൈകീട്ട് 5 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ അങ്കിത് ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രികളിലടക്കം അന്വേഷിച്ച ശേഷം പിറ്റേ ദിവസം രാവിലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ 26ന് രാവിലെ പ്രദേശത്തെ ചിലര്‍ കാലു എന്നയാള്‍ക്കൊപ്പവും മറ്റൊരാള്‍ക്കൊപ്പവും അങ്കിത് പോകുന്നത് കണ്ടുവെന്ന് രവീന്ദറിനെ അറിയിച്ചിരുന്നു. പിന്നീട് പ്രദേശത്തെ പള്ളിക്കടുത്ത് വെച്ച് ഒരാള്‍ കൊല്ലപ്പെട്ടുവെന്നും രവീന്ദറിന് വിവരം ലഭിച്ചു. പക്ഷെ ഇതല്ലാതെ മകന് എന്താണ് സംഭവിച്ചതെന്നതുമായി ബന്ധപ്പെട്ട് കൃത്യമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് രവീന്ദറിന്റെ മൊഴിയില്‍ പറയുന്നത്.
പക്ഷെ ഈ മൊഴിയില്‍ പറയുന്നതില്‍ നിന്നും തികച്ചും വിരുദ്ധമായാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. താഹിര്‍ ഹുസൈന്റെ പ്രേരണ പ്രകാരം അക്രമാസക്തരായ ജനക്കൂട്ടം അങ്കിതിനെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല റിപ്പോര്‍ട്ട് പ്രകാരം അങ്കിതിനെ കൊലപ്പെടുത്തിയിരിക്കുന്നത് പള്ളി പരിസരത്തേ അല്ല, മറ്റൊരു സ്ഥലത്താണ്.
ചാര്‍ജ്ഷീറ്റില്‍ പറയുന്ന പ്രകാരമാണ് കൊലപാതകം നടന്നതെങ്കില്‍ വീടിനടുത്ത് വെച്ച് അങ്കിതിനെതിരെ ഇത്തരത്തിലൊരു ജനക്കൂട്ടത്തിന്റെ ആക്രമണം നടന്നിട്ടും ആരും എന്തുകൊണ്ട് വീട്ടുകാരെ വിവരമറിയിച്ചില്ല എന്ന ചോദ്യം ബാക്കിയാകുകയാണ്. പ്രദേശവാസികളായ നിരവധി പേരാണ് കേസിലെ ദൃക്‌സാക്ഷികളുടെ പട്ടികയിലുള്ളത്. എന്നിട്ടും ഇവരാരും ആക്രമണവുമായി ബന്ധപ്പെട്ട് ഒരു വിവരവും എന്തുകൊണ്ടാണ് അങ്കിതിന്റെ കുടുംബത്തെ അറിയിക്കാതിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
ഇനി ആംആദ്മി നേതാവ് താഹിര്‍ ഹുസൈനെതിരെയുള്ള പൊലീസ് റിപ്പോര്‍ട്ട് പരിശോധിക്കുകയാണെങ്കിലും ഒട്ടേറെ പാകപ്പിഴകളാണ് കണ്ടെത്താനാകുക.
മകന്റെ മൃതദേഹം കണ്ടെത്തിയ ശേഷം രവീന്ദര്‍ കുമാര്‍ നല്‍കിയ മൊഴിയില്‍ താഹിര്‍ ഹുസൈനും കൂട്ടാളികളുമായിരിക്കാം മകനെ കൊലപ്പെടുത്തിയതെന്ന സംശയമുന്നയിക്കുന്നുണ്ടെങ്കിലും ഈ വാദം സാധൂകരിക്കുന്ന തെളിവുകളൊന്നും റിപ്പോര്‍ട്ടിലില്ല.
താഹിര്‍ ഹുസൈനെതിരെ പൊലീസ് ചൂണ്ടിക്കാണിക്കുന്ന തെളിവുകളും അതിനെതിരെയുള്ള വാദങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
താഹിര്‍ ഹുസൈനിന്റെ വീടിന്റെ ടെറസില്‍ നിന്നും കലാപകാരികള്‍ ഉപയോഗിച്ച തരത്തിലുള്ള പെട്രോള്‍ നിറച്ച കുപ്പികളും കല്ലും മറ്റും കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ താഹിര്‍ ഹുസൈന്റെ അറസ്റ്റിന് ശേഷം വലിയ തോതിലാണ് വീടിന്റെ ഉള്‍ഭാഗങ്ങളിലെയും മറ്റും ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. കേസിലെ പ്രധാന തെളിവുകള്‍ കണ്ടെത്തിയ ഒരു വീട് പൊലീസ് കൃത്യമായി സീല്‍ ചെയ്യുക പോലും ചെയ്തിരുന്നില്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. ഇതാണ് അവിടെ നിന്നും തെളിവുകളായി കണ്ടെത്തിയ വസ്തുക്കളുടെ കാര്യത്തില്‍ സംശയമുണ്ടാക്കുന്നത്.
രണ്ടാമതായി പറയുന്ന കാര്യം താഹിര്‍ ഹുസൈന്‍ സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്ന തോക്ക് കലാപത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തിരിച്ചുവാങ്ങി എന്നതാണ്. ഇതിലെ ബുള്ളറ്റുകള്‍ എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല എന്നതും. തെരഞ്ഞെടുപ്പ് സമയത്ത് ലൈസന്‍സുള്ള എല്ലാ ആയുധങ്ങളും പൊലീസില്‍ ഏല്‍പ്പിക്കുകയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ഇത് തിരിച്ചുവാങ്ങുകയും ചെയ്യുന്നത് സ്ഥിരമായി നടക്കുന്ന നിയമപരമായ ഒരു കാര്യമാണ് എന്നത് പൊലീസ് ഇവിടെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്.
ഇതിനേക്കാളൊക്കെ ഉപരിയായി അങ്കിത് കൊല്ലപ്പെട്ടിരിക്കുന്നത് വെടിയേറ്റിട്ടല്ല, അതുകൊണ്ടു തന്നെ ഈ തോക്കിനും ബുള്ളറ്റുകള്‍ക്കും കേസുമായി യാതൊരു ബന്ധവുമില്ല താനും. താഹിര്‍ ഹുസൈനിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നും ആ സമയത്ത് വെടിയുതിര്‍ത്തിരുന്നോ എന്നത് ഉറപ്പിക്കാനുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും പൊലീസിന്റെ കൈയ്യിലില്ല.
അടുത്തതായി പൊലീസ് ഉന്നയിക്കുന്ന കാര്യം പ്രദേശത്ത് കലാപമുണ്ടായിട്ടും താഹിര്‍ ഹുസൈനിന്റെ വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല എന്നതാണ്. കൂടാതെ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നും. അതിനാല്‍ താഹിര്‍ ഹുസൈനാണ് കലാപത്തിന്റെ സൂത്രാധാരന്‍ എന്നു ഉറപ്പിക്കാം എന്നുമാണ്് പൊലീസ് നിഗമനം. പക്ഷെ ഇത് ഒരാളെ കലാപത്തിന്റെ സൂത്രധാരനാക്കാന്‍ മാത്രമുള്ള തെളിവാണോ എന്നാണ് അഭിഭാഷകരടക്കം ചോദിക്കുന്നത്.
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്ത സമയത്ത് തന്നെ, പറയപ്പെടുന്ന സംഭവങ്ങള്‍ നടക്കുന്ന സമയത്ത്, വീടിന്റെ പരിസരത്ത് അക്രമാസക്തരായി ആളുകള്‍ കൂട്ടംചേര്‍ന്നിരിക്കുകയാണെന്നും ആവശ്യമായ സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് താഹിര്‍ ഹുസൈന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിരവധി തവണ വിളിച്ചിരുന്ന കാര്യം ചര്‍ച്ചയായിരുന്നു. സ്റ്റേഷനും വീടിനും ഇടയില്‍ വലിയ ജനക്കൂട്ടമായതിനാല്‍ തങ്ങള്‍ക്ക് എത്തിച്ചേരാനാകില്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. പിന്നീട് കേസന്വേഷണ സമയത്ത് ഈ ഫോണ്‍കോളുകള്‍ കേസില്‍ നിന്നും രക്ഷപ്പെടാനുമുള്ള താഹിറിന്റെ തന്ത്രമായിരുന്നെന്നും പൊലീസ് പറഞ്ഞിരുന്നു.
പക്ഷെ പ്രദേശത്തെ കലാപത്തിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പൊലീസിന്റെ രണ്ടാമത്തെ ചാര്‍ജ്ഷീറ്റില്‍ പറയുന്നത് കുറച്ച് ദിവസമായി കലാപന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിരുന്നു എന്നാണ്. അപ്പോള്‍ താഹിര്‍ ഹുസൈനിന്റെ വീട്ടിലേക്ക് പൊലീസുകാരെ അയക്കാനാകില്ല എന്ന് പൊലീസ് പറഞ്ഞത് എന്തുകൊണ്ടാണെന്നത് സംശയമുണ്ടാക്കുകയാണ്.
പ്രദേശത്തെ ഒരു സിസിടിവി ഫൂട്ടേജ് പോലും പൊലീസിന്റെ പക്കലില്ല. കലാപകാരികള്‍ എല്ലാ ക്യാമറകളും നശിപ്പിച്ചു എന്നാണ് പൊലീസ് വാദം. പക്ഷെ നശിപ്പിക്കുന്നതിന് മുന്‍പേയുള്ള ദൃശ്യങ്ങളെങ്കിലും ഇതില്‍ നിന്നു കണ്ടെത്താനാകില്ലേ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.
ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് അങ്കിത് ശര്‍മ കൊലക്കേസിലെ ആംആദ്മി നേതാവ് താഹിര്‍ ഹുസൈനെതിരെയുള്ള പൊലീസ് ചാര്‍ജ്ഷീറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലല്ല പകരം ചില തിയറികളെയും മുന്‍ധാരണകളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണെന്നുമുള്ള വാദമുയരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക