| Thursday, 24th September 2020, 8:09 am

പാലാരിവട്ടം പാലം മാറ്റിപ്പണിയാന്‍ കോണ്‍ട്രാക്ടര്‍ പണം നല്‍കേണ്ട ആവശ്യമില്ല; കരാറുകാരുടെ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലാരിവട്ടം പാലം മാറ്റിപ്പണിയുന്നതിന് കോണ്‍ട്രാക്ടര്‍ പണം നല്‍കേണ്ട ആവശ്യമില്ലെന്ന് കരാറുകാരുടെ സംഘടന. നിലവിലുള്ള പാലത്തിന്റെ ഡിസൈന്‍ മാറ്റിയാല്‍ പണം നല്‍കേണ്ട ബാധ്യത കരാറുകാരന് ഇല്ലെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. മീഡിയവണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാലാരിവട്ടം പാലത്തിന് ഗുരുതരമായ അപാകതകള്‍ ഉണ്ടെന്നും അതിനാല്‍ അത് പൊളിച്ചുപണിയാം എന്നുള്ള അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി കേരളത്തിന് നല്‍കിയിരുന്നു.

പാലം പൊളിച്ച് പണിയാന്‍ 22 കോടിയോളം രൂപ ചെലവ് വരും. ഇതിന്റെ ബാധ്യത മുഴുവനായും കരാറുകാരന്‍ തന്നെ വഹിക്കണമെന്നാണ് പൊതുമരാമത്തുവകുപ്പ് നിര്‍ദ്ദേശം.

എന്നാല്‍ പാലത്തിന്റെ ഡിസൈന്‍ അടക്കം മാറ്റിപ്പണിയുന്ന സാഹചര്യത്തില്‍ ചെലവ് തങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലെന്ന് വര്‍ഗ്ഗീസ് കണ്ണമ്പള്ളി വ്യക്തമാക്കി.

പാലം പൊളിച്ച് പണിയുന്നതിനുള്ള പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കും. പാലത്തിന്റെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിയമപരമായ ബാധ്യത കരാറുകാരനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പാലത്തിനുണ്ടായിട്ടുള്ള വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. അക്കാര്യത്തിന് കരാറുകാരന്‍ സഹകരിക്കും.

പാലം പണിയുന്ന സമയത്തുള്ള നിയമമനുസരിച്ച് 3 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുന്ന നിര്‍മ്മാണ തകരാറുകള്‍ സ്വന്തം ചെലവില്‍ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വം കരാറുകാരനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലത്തിന്റെ നിര്‍മ്മാണ ചുമതല ഇ. ശ്രീധരന് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. എട്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ .

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: palarivattom flyover contractors association wont give compensation

Latest Stories

We use cookies to give you the best possible experience. Learn more