ബെംഗളൂരു: കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടറായ ബി.ജെ.പി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ് പാട്ടീലിനെയാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ണാടകയിലെ ഗ്രാമ വികസന മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മരണം. ഈശ്വരപ്പയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ സന്തോഷ് പരാതി നല്‍കിയിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് സന്തോഷ് പാട്ടീല്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. അദ്ദേഹത്തിന് ഒപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ട് മുറികള്‍ എടുത്ത സംഘം ഒരു മുറിയില്‍ സന്തോഷും മറ്റൊരു മുറിയില്‍ മറ്റുള്ളവരും തങ്ങുകയായിരുന്നു. ചൊവ്വാഴ്ചയാണ് സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷം അകത്ത് ചെന്നതാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ 11ന് സന്തോഷ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതായി പരാമര്‍ശിച്ചിരുന്നതായും തന്റെ മരണത്തിന് കാരണം ഈശ്വരപ്പയ്ക്ക് ആണെന്നും സൂചിപ്പിച്ചിരുന്നു.
Content Highlights: Contractor who accused Karnataka Minister of corruption ends life in Udupi