തൃശ്ശൂര്‍: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ പഞ്ചവാദ്യകലാകാരന് ഉത്സവപരിപാടിയില്‍ നിന്നും ഒഴിവാക്കിയെന്ന് ആരോപണം. തൃശൂര്‍ സ്വദേശിയായ തിമില കലാകാരന്‍ അനീഷാണ് തന്നെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി എത്തിയത്.
ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പഞ്ചവാദ്യത്തില്‍ നിന്നും കരാറുകാര്‍ തന്നെ ഒഴിവാക്കി എന്നായിരുന്നു അനീഷിന്റെ ആരോപണം. സംഘപരിവാര്‍ ഭീഷണിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
സംഘപരിവാര്‍ ഭീഷണിയുള്ളതിനാലാണ് തന്നെ പഞ്ചവാദ്യത്തില്‍ നിന്നും ഒഴിവാക്കുന്നതിന് കാരണമായി കരാറുകാര്‍ പറഞ്ഞതെന്ന് അനീഷ് പറയുന്നു.
താങ്കളെ കൊട്ടിക്കുകയാണെങ്കില്‍ മേളം തടസ്സപ്പെടുത്തുമെന്നും ,മേളം നടക്കുന്നതിനിടയില്‍ വന്ന് താങ്കളെ ശാരീരികമായി ആക്രമിക്കുമെന്നും ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ആളുകള്‍ നിരവധി തവണ നേരിട്ട് വന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ താങ്കള്‍ പരിപാടിയില്‍ നിന്നും പിന്മാറണമെന്നും കരാറുകാരന്‍ അറിയിക്കുകയായിരുന്നെന്നും അനീഷ് പറയുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് അനീഷിന്റെ തീരുമാനം.