ഈ സീസണിലെ മത്സരങ്ങളിൽ കൂടുതൽ സ്‌കോർ ചെയ്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്ലബ്ബാണ് പി.എസ്.ജി.
അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും ഫ്രാൻസിന്റെയും ബ്രസീലിന്റെയും സൂപ്പർതാരങ്ങളായ കിലിയൻ എംബാപ്പെയും നെയ്‌മറുമെല്ലാം പി.എസ്.ജിയിലെ മുൻ നിര താരങ്ങളാണ്.
താരങ്ങളും മാനേജ്‌മെന്റും തമ്മിൽ സ്വരച്ചേർച്ചകളുണ്ടെന്നും എംബാപ്പെ പി.എസ്.ജി വിടാൻ പോവുകയാണെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൽ കഴിഞ്ഞ കുറേ നാളുകളായി സജീവമാണ്.
പി.എസ്.ജിയുടെ തന്നെ സൂപ്പർതാരമായ നെയ്മറിന്റെ സാന്നിധ്യം എംബാപ്പെയെ അസ്വസ്ഥനാക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ പല അവസരങ്ങളും നെയ്മർ കാരണം ഇല്ലാതാവുകയും ചെയ്യുന്നതാണ് താരത്തെ പി.എസ്.ജി വിടാൻ പ്രേരിപ്പിക്കുന്നതെന്നുമാണ് അഭ്യൂഹങ്ങൾ.
എന്നാൽ പി.എസ്.ജിയും എംബാപ്പെയുമായുള്ള കരാർ ലീക്കായെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഫ്രഞ്ച് വാർത്താ ഏജൻസിയായ ലെ പാരീസിയനാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് എംബാപ്പെ പി.എസ്.ജിയുമായുള്ള കരാർ പുതുക്കിയത്. ഈ സീസണിൽ മാത്രം 1060 കോടി രൂപക്കാണ് എംബാപ്പെ കരാറിൽ സൈൻ ചെയ്തത്.
ക്ലബ്ബിന്റെ മുഴുവൻ ബജറ്റിന്റെ നാലിലൊന്നാണ് എംബാപ്പെക്ക് ലഭിക്കുന്നത്. താരവുമായുള്ള പണമിടപാടിന്റെയും മറ്റ് കണക്കുകളുമടങ്ങുന്ന കരാറാണ് ലീക്കായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പി.എസ്.ജി അറിയിച്ചതായി ലെ പാരീസിയന്റെ റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോളറായി ഫോർബ്സിന്റെ പട്ടികയിൽ ഒന്നാമതാണ് എംബാപ്പെ.
സഹതാരമായ ലയണൽ മെസിയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയെയും പിന്തള്ളിയാണ് എംബാപ്പെ ഒന്നാമതെത്തിയത്.
ഒമ്പത് വർഷത്തിനിടെ ഇതാദ്യമായാണ് മെസിയും ക്രിസ്റ്റ്യാനോയുമല്ലാതെ മറ്റൊരു ഫുട്‌ബോളർ പട്ടികയിൽ ഒന്നാമതെത്തിയത്.
Content Highlights: Contract leaked including staggering wages and bonus of PSG super star