നഗരത്തിരക്കുകള്‍ക്കിടയില്‍ മാത്രമല്ല ഇനി ജലയാത്രയ്ക്കും മെട്രോ. വാട്ടര്‍ മെട്രോ പദ്ധതിയുടെ ഭാഗമായി മൂന്ന് ബോട്ടുജെട്ടികള്‍ക്കാണ് നിര്‍മാണ കരാറായത്. വൈറ്റില,ഏരൂര്‍,കാക്കനാട് ബോട്ട് ജെട്ടികളുടെ നിര്‍മാണത്തിനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനും മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും കരാര്‍ നല്‍കിയിരിക്കുന്നത്.
750 കോടി രൂപ ചെലവിട്ടാണ് ഇവിടെ ആധുനിക എസി ഫെറികള്‍ നിര്‍മിക്കുക.ബോട്ട് ജെട്ടികളുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു. 25000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വൈറ്റില ജെട്ടി നിര്‍മിക്കുക. മൂന്ന് ജെട്ടികളില്‍ ഏറ്റവും വലിയത് ഇതാണ്. വാണിജ്യ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് നിര്‍മാണം.
വാട്ടര്‍മെട്രോയുടെ ഓപ്പറേറ്റിങ് സ്റ്റേഷന് വേണ്ടി വൈറ്റില മൊബിലിറ്റി ഹബ് സമിതിയില്‍നിന്ന് വാട്ടര്‍ മെട്രോയ്ക്കായി 123 സെന്റ് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, ബോള്‍ഗാട്ടി ബോട്ട് ജെട്ടികളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുള്ള സ്ഥലങ്ങള്‍ കൊച്ചി നഗരസഭ കൈമാറിയാല്‍ പദ്ധതി ആരംഭിക്കുമെന്നാണ് വിവരം.