ആനകള്‍ക്ക് എങ്ങനെ ഫാമിലി പ്ലാനിംഗ് നടത്തും? ആനകളെ സദാചാര പോലീസിനെ വിട്ടു പാഠം പഠിപ്പിക്കുമോ? മന്ത്രി ശശീന്ദ്രനെ ട്രോളുന്ന പോസ്റ്റുകള്‍ കണ്ടപ്പോ വെറുതെ ഒന്നു നോക്കിയതാ ആന സംഖ്യ നിയന്ത്രണം ലക്ഷ്യം വെച്ച് ആനകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മനുഷ്യന്‍ കണ്ടു പിടിച്ചിട്ടുണ്ടോ എന്ന്.
ചെറിയ പൂച്ചേനേം പട്ടിനേം ഒക്കെ ചെയ്യുന്ന പോലെ പിടിച്ചു നിര്‍ത്തി കാട്ടാനകളെ ന്യുട്ടര്‍ അല്ലെങ്കില്‍ വാസെക്ടമി ചെയ്യാനാകുമോ? അങ്ങനെ തപ്പിപോയപ്പോള്‍ ആണ് സൗത്ത് ആഫ്രിക്കയില്‍ 1996 മുതല്‍ നടത്തിവരുന്ന ‘എലിഫന്റ് മാനേജ്മന്റ്’ പ്രോഗ്രാമിന്റെ പബ്ലിഷ്ഡ് പേപ്പറുകളും ഗവണ്മെന്റ് റിപ്പോര്‍ട്ടുകളും കാണുന്നത്.
അവര്‍ വിജയകരമായി നടത്തിക്കൊണ്ടു വരുന്ന രീതിയാണ് പെണ്‍ ആനകള്‍ക്ക് ഗര്‍ഭ നിരോധന മരുന്ന് കൊടുത്ത് അവരെ വന്ധ്യംകരിക്കുക എന്നത്. കള്ളിങ് ഇല്ലാതെ തന്നെ ഈ വഴിയിലൂടെ ആനകളുടെ സംഖ്യയെ ടെംബെ നാഷണല്‍ എലിഫന്റ് പാര്‍ക്ക്, ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്, തോണിബുഷ് നേച്ചര്‍ റിസര്‍വ്, മകളലി ഗെയിം റിസര്‍വ്, ഫിന്‍ഡ നേച്ചര്‍ റിസര്‍വ് എന്നിങ്ങനെ പലയിടങ്ങളിലും സൗത്താഫ്രിക്കയില്‍ മാനേജ് ചെയ്യപെടുന്നുണ്ട്.
ആവശ്യത്തിന് തീറ്റയും വെള്ളവും കിട്ടുന്ന ഒരവസ്ഥയില്‍ ആനകളുടെ എണ്ണം ക്രമാതീതമായി കൂടുന്നത് ചുറ്റും താമസിക്കുന്ന മനുഷ്യന് മാത്രമല്ല, അവിടങ്ങളിലെ ജൈവ വൈവിധ്യം കുറയാനും കാരണമാകുന്നു എന്നത് കൊണ്ടാണ് സൗത്ത് ആഫ്രിക്കയില്‍ ‘എലിഫന്റ് മാനേജ്മന്റ്’ പ്രോഗ്രാമിനു തുടക്കമിട്ടത്. കള്ളിങ് മാറ്റിവെച്ചു കൊണ്ട് ആനകളുടെ സംഖ്യ നിയന്ത്രിക്കാന്‍ മൂന്ന് ഗര്‍ഭ നിരോധന രീതികള്‍ അവര്‍ ഉപയോഗിക്കയുകയും, പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
1.വാസക്ടമി: കാട്ടാനകളെ ജനറല്‍ അനസ്തേഷ്യ കൊടുത്തു ബോധം കെടുത്തി നടത്തുന്ന സര്‍ജറി. ഇത് ആണ്‍ ആനകളുടെ പ്രത്യുല്‍പാദന ശേഷി പെര്‍മനന്റ് ആയി ഇല്ലാതാക്കുന്നു. കാട്ടാനകളെ തേടിപ്പിടിച്ചു വാസക്ടമി നടത്തുക എന്നത് ശ്രമകരമായ പരിപാടിയാണ്. മാത്രവുമല്ല, ആനകളില്‍ വാസക്ടമി റിവേഴ്സ് ചെയ്യാന്‍ ആകുമോ എന്നതിന് ഉറപ്പില്ല, ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആനകളുടെ ജനസംഖ്യ നന്നേ കുറയുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ വാസക്ടമി ചെയ്ത ആനയില്‍ വാസക്ടമി റിവേഴ്സ് ചെയ്ത് ആനകളുടെ എണ്ണം നമുക്ക് വീണ്ടെടുക്കാന്‍ ആവില്ല.
2.ആണ് ആനകള്‍ക്ക് ടെസ്റ്റോസ്റ്റീറോണ്‍ ഉല്‍പാദനം ഗണ്യമായി കുറക്കാനുള്ള ഹോര്‍മോണല്‍ ഇഞ്ചക്ഷനുകള്‍ കൊടുത്ത്, പ്രത്യുല്‍പ്പാദന ശേഷിക്ക് കോട്ടം വരുത്തുക എന്നതാണ് അടുത്തത്.
ഇങ്ങനെ ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ പലവട്ടം, ഏറെ നാള്‍ നല്‍കിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന രീതിയില്‍ ടെസ്റ്റോസ്റ്റീറോണ്‍ ഉല്‍പാദനം കുറക്കാന്‍ ആവുകയുള്ളൂ. സൗത്ത് ആഫ്രിക്കയിലെ കാട്ടാനകളില്‍ ഇത് ചെയ്തു നോക്കിയതായി പബ്ലിഷ്ഡ് റിപോര്‍ട്ട്‌സ് കണ്ടില്ല.
ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണ്‍ കുറക്കുമ്പോള്‍ ആണ്‍ ആനകളുടെ സ്വഭാവത്തിലും വ്യത്യാസങ്ങള്‍ വരും. അതുമൂലം ഹെര്‍ഡിന്റെ മേധാവിത്വ ശ്രേണിയിലും മാറ്റങ്ങള്‍ വരും, ഹെര്‍ഡിന്റെ സ്വഭാവം നിലനില്‍ക്കുക, ഹെഡ് ലീഡര്‍ ഉണ്ടാവുക എന്നതൊക്കെ ആനക്കൂട്ടത്തിന്റെ അക്രമാസക്തിയെ വരെ ബാധിക്കുന്ന കാര്യമാണ്. പല കാരണങ്ങളാല്‍ ആണ്‍ ആനകളില്‍ ശ്രമിച്ചു നോക്കിയ ഈ രണ്ടു രീതികളും ആനകളുടെ സംഖ്യ നിയന്ത്രണത്തിന് ഉത്തമമല്ല എന്നാണ് സൗത്താഫ്രിക്കന്‍ സ്റ്റഡീസില്‍ പറയുന്നത്.
3. പിന്നെയുള്ളതാണ് പെണ്ണാനകള്‍ക്ക് ഇമ്മുണോകോണ്‍ട്രാസെപ്റ്റീവ് വാക്‌സിനുകള്‍ നല്‍കുന്ന ഗര്‍ഭ നിരോധന മാര്‍ഗം. ഇതാണ് വളരെ വിജയകരമായി സൗത്താഫ്രിക്കയില്‍ കാട്ടാനകളുടെ ജനസംഖ്യ നിയന്ത്രണത്തിന് ഉപയോഗിച്ചിട്ടുള്ളത്. PZP (പോര്‍സൈന്‍ സോന പെല്ലുസിഡ) അടങ്ങിയ ഡാര്‍ട്ടുകള്‍ പെണ്ണാനകളില്‍ കുത്തിവെക്കുന്നു (സൗത്താഫ്രിക്കയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്).
പെണ്ണാനകളില്‍ പന്നികളില്‍ നിന്നുള്ള സോന പെല്ലുസിഡയിലെ പ്രോട്ടീന്‍ അടങ്ങുന്ന പോര്‍സൈന്‍ സോന പെല്ലുസിഡ കുത്തിവെക്കുന്നത് പെണ്ണാനകളെ ആന്റിബോഡീസ് ഉത്പാദിപ്പിക്കാന്‍ ഉത്തേജിപ്പിക്കുന്നു. ഈ ആന്റിബോഡീസ് പെണ്ണാനയുടെ ഓവത്തില്‍ സ്പേര്‍മിന് വന്നു ബന്ധപ്പെടാനുള്ള പ്രോട്ടീനുകളില്‍ അറ്റാച്ച്ഡാവുന്നത് മൂലം, ആണ്‍ ആനയുടെ സ്പേം പെണ്ണാനയുടെ ഓവത്തില്‍ വന്നു അറ്റാച്ചാവുന്നതില്‍ നിന്നും, ഓവത്തില്‍ തുളച്ചുകയറുന്നതില്‍നിന്നും തടയുന്നു, അങ്ങനെ ബീജസങ്കലനത്തെ തടയുകയും ഗര്‍ഭനിരോധനത്തിന് കാരണമാവുകയും ചെയ്യുന്നു.