| Monday, 26th October 2015, 2:37 pm

വിവാദ പത്രപ്രവര്‍ത്തക ഫേസ്ബുക്കിനെതിരെ കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുദാപെസ്റ്റ്: സെര്‍ബിയയില്‍ നിന്നും ഹംഗറിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധനായ അഭയാര്‍ത്ഥിയെയും മകനേയും കാലുവെച്ചു വീഴ്ത്തുന്ന പത്രപ്രവര്‍ത്തകയുടെ ചിത്രം ആരും മറന്നു കാണില്ല. അന്ന് ചെയ്ത തെറ്റിന് ദുരിതമനുഭവിച്ച് ജീവിക്കുന്ന പെട്ര ലാസ്‌ലോ എന്ന “മുന്‍” മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്കിനെതിരെ പരാതിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

അന്നത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ ലോക വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം ഫേസ്ബുക്ക് തടയാന്‍ ശ്രമിച്ചില്ലെന്നും അതിന് പകരം വിഷയം ആളി കത്തിക്കുകയാണ് ചെയ്തതെന്നും പെട്ര ആരോപിക്കുന്നു. കാലുവെച്ച് വീഴ്ത്തിയതിന് തനിക്കെതിരെ പരാതി നല്‍കിയ സിറിയന്‍ അഭയാര്‍ത്ഥി അബ്ദുള്‍ മുഹ്‌സിനെതിരെയും പെട്ര കോടതിയില്‍ പരാതി നല്‍കുന്നുണ്ട്. തനിക്കെതിരെ തെറ്റായ വിവരങ്ങളാണ് മുഹ്‌സിന്‍ നല്‍കിയതെന്നാണ് പെട്രയുടെ ആരോപണം.

അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പെട്രക്കെതിരെയുള്ളത്. എന്നാല്‍ മുഹ്‌സിന്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് പെട്ര ആരോപിക്കുന്നു. ഫെയ്‌സ്ബുക്കില്‍ തനിക്കെതിരെ വന്ന പേജുകളും കമന്റുകളുമൊന്നും തടയാന്‍ ശ്രമിച്ചിസല്ലെന്നാണ് പെട്ര ഫേസ്ബുക്കിനെതിരെ ഉയര്‍ത്തുന്ന പരാതി.

സെപ്റ്റംബറില്‍ സെര്‍ബിയയുടെ അതിര്‍ത്തിയില്‍ നിന്നും ഹംഗറിയിലേക്ക് ഒരു കൂട്ടം സിറിയന്‍ അഭയാര്‍ത്ഥികള്‍ ഓടിക്കയറുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ പെട്ര അഭയാര്‍ത്ഥികളില്‍ ചിലരെ കാലുവെച്ച് വീഴ്ത്തിയിടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്താകമാനം പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു.

പ്രശ്‌നം വിവാദമായതോടെ പെട്രയ്ക്ക് മാപ്പിരക്കേണ്ടി വന്നു. താന്‍ കുട്ടികളെ ചവിട്ടി വീഴ്ത്തുന്ന തരത്തില്‍ ഹൃദയമില്ലാത്തവളല്ലെന്നും ഇപ്പോള്‍ തന്റെ തെറ്റായ പ്രവൃത്തി കാരണം ജോലിയില്ലാതായ ഒരമ്മ മാത്രമാണെന്നുമായിരുന്നു പെട്രയുടെ വിശദീകരണം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പെട്രക്ക് തന്റെ ജോലി നഷ്ടപ്പെട്ടു. ചീത്തപ്പേരു കാരണം അവര്‍ക്ക് മറ്റൊരിടത്തും ജോലി ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍.

അതേസമയം പെട്ര അന്ന് കാല്‍വെച്ചു വീഴ്ത്തിയ  അബ്ദുള്‍ മുഹ്‌സിന് സ്‌പെയിനില്‍ ഒരു താമസസ്ഥലവും മാഡ്രിഡിലെ ഫുട്‌ബോള്‍ ക്ലബില്‍ കോച്ചായി ജോലിയും ലഭിച്ചു.

We use cookies to give you the best possible experience. Learn more