| Tuesday, 30th March 2021, 11:05 am

പ്രതിഷേധത്തിന് മുന്നില്‍ മുട്ടുകുത്തി ബി.ജെ.പി സര്‍ക്കാര്‍; മ്യാന്‍മര്‍ പൗരന്മാര്‍ക്ക് ഭക്ഷണമോ താമസസ്ഥലമോ നല്‍കരുതെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന മ്യാന്‍മര്‍ പൗരന്മാര്‍ക്ക് ഭക്ഷണമോ താമസസ്ഥലമോ നല്‍കരുതെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മാര്‍ച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് നടപടി നിര്‍ത്തിവെക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്.

കത്തിലെ ഉള്ളടക്കങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും വ്യത്യസ്തമായി വ്യാഖ്യാനിക്കുകയും ചെയ്തതായി കരുതുന്നെന്നും ഈ തെറ്റിദ്ധാരണ ഒഴിവാക്കാന്‍, മുകളില്‍ സൂചിപ്പിച്ച 26.03.2021 ലെ കത്ത് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അറിയിക്കുന്നെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആഭ്യന്തര സെക്രട്ടറി ഗ്യാന്‍ പ്രകാശ് പറഞ്ഞു.

അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണമോ താമസിക്കാന്‍ സ്ഥലമോ നല്‍കരുതെന്നായിരുന്നു ഉത്തരവില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ജനങ്ങള്‍ക്കുമായാണ് ഉത്തരവിറക്കിയിരുന്നത്.

ഗുരുതരമായി പരിക്കേറ്റവര്‍ക്കോ അല്ലെങ്കില്‍ മാനുഷിക പരിഗണന വെച്ചോ വൈദ്യസഹായം നല്‍കാന്‍ മാത്രമാണ് ഉത്തരവ് പ്രകാരം അനുമതിയുണ്ടായിരുന്നത്.

മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. മനുഷ്യത്വരഹിതമായ നടപടിയാണിതെന്നും രാജ്യത്തിന്റെ ആതിഥ്യമര്യാദകള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമാണിതെന്നുമാണ് നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.

Content Highlights: Manipur Withdraws ‘No Refuge For Myanmarese’ Order, Says “Misconstrued”

We use cookies to give you the best possible experience. Learn more