സുപ്രീം കോടതിയിൽ നിന്ന് കേന്ദ്രം നേരിടുന്ന തുടർച്ചയായ തിരിച്ചടികൾ
national news
സുപ്രീം കോടതിയിൽ നിന്ന് കേന്ദ്രം നേരിടുന്ന തുടർച്ചയായ തിരിച്ചടികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2024, 5:01 pm

ബി.ജെ.പി സർക്കാർ ഈയിടെ തുടർച്ചയായി സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടികളിൽ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഇലക്ടറൽ ബോണ്ട്‌ റദ്ദാക്കിയ വിധി, ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് റദ്ദാക്കി എ.എ.പി സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച വിധി, ബിൽകീസ് ബാനു കേസിൽ പ്രതികളെ കുറ്റവിമുക്തമാക്കിയ നടപടി റദ്ദാക്കിയത്, ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർക്കെതിരായ വിധി, കേരളത്തിന്റെ കടമെടുപ്പ് പരിധിയിലെ ഉത്തരവ് എന്നിവയാണ് ഈയിടെ കേന്ദ്രത്തിനെ പ്രഹരമേൽപ്പിച്ച വിധികൾ.

ഈ വിധികൾ ഓരോന്നായി പരിശോധിക്കാം.

  1. ഇലക്ടറൽ ബോണ്ട്‌ റദ്ദാക്കിയ വിധി

ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം നൽകണമെന്ന എസ്.ബി.ഐയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി അടുത്ത ദിവസം തന്നെ രേഖകൾ കൈമാറണമെന്ന് താക്കീത് ചെയ്തു.

ഇന്നലെ മുഴുവൻ രേഖകളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 15ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

ഫെബ്രുവരി 15നായിരുന്നു കേന്ദ്ര സർക്കാരിന് വലിയ ആഘാതം സൃഷ്ടിച്ചുകൊണ്ട് ഇലക്ടറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമാണെന്ന വിധി വന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിന്റെതായിരുന്നു വിധി.

പാർട്ടികൾക്ക് കിട്ടുന്ന പണത്തെ കുറിച്ച് അറിയാൻ വോട്ടർമാർ എന്ന നിലയിൽ രാജ്യത്തെ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ കഴിയില്ല. ഉറവിടമില്ലാത്ത ബോണ്ടുകൾ വിവരവകാശത്തിന് എതിരാണ്, അതുകൊണ്ട് തന്നെ ഇലക്ട്രൽ ബോണ്ട് എന്ന സംവിധാനം നിയമത്തിന്റെ ലംഘനമാണ് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കമ്പനികൾക്ക് അവരുടെ അറ്റാദായത്തിന്റെ പരമാവധി 7.5 ശതമാനം മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിനെ അന്ന് സുപ്രീം കോടതി ചോദ്യം ചെയ്തു.

എല്ലാ സംഭാവനകളും ഒരുപോലെ കാണാൻ കഴിയില്ലെന്നും കൂടുതൽ സംഭാവന നൽകുന്ന ആളുകൾക്ക് പാർട്ടികളെയും മറ്റും സ്വാധീനിക്കാൻ കഴിയുമെന്നും കോടതി പറഞ്ഞു.

ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് മാർച്ച്‌ ഒമ്പതിന് മുമ്പ് കൈമാറാൻ കോടതി അന്ന് നിർദേശം നൽകി.

എന്നാൽ സമയം നീട്ടി നൽകില്ലെന്ന് തീർത്തുപറഞ്ഞ കോടതി വിധി പറഞ്ഞ അടുത്ത ദിവസം തന്നെ രേഖകൾ കൈമാറാൻ ഉത്തരവിട്ടു.

എസ്.ബി.ഐക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ വാദിക്കാൻ അഭിഭാഷകർക്ക് അവസരം പോലും നൽകാതെ കേസിൽ എസ്.ബി.ഐക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെയെ കോടതി കുടയുകയായിരുന്നു.

വിധി വന്ന് 26 ദിവസം എസ്.ബി.ഐ എന്തെടുക്കുകയായിരുന്നു എന്ന് ചോദിച്ച കോടതി രാജ്യത്തെ നമ്പർ വൺ ബാങ്കിൽ നിന്ന് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും പ്രതീക്ഷിച്ചിരുന്നു എന്നും പറഞ്ഞു.

സംഭാവന നൽകിയവരുടെയും കൈപ്പറ്റിയ രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ ഒത്തു നോക്കാൻ സമയമെടുക്കുമെന്ന് എസ്.ബി.ഐ പറഞ്ഞുനോക്കി. എന്നാൽ അങ്ങനെ ഒത്തുനോക്കാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

2. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് റദ്ദാക്കി എ.എ.പി സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച വിധി

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയായിരുന്നു ബി.ജെ.പിക്ക് കനത്ത പ്രഹരമേൽപ്പിച്ച മറ്റൊന്ന്.

ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ അനിൽ മസീഹ് ബാലറ്റ് പേപ്പറുകളിൽ കുത്തി വരയ്ക്കുന്നത് ക്യാമറയിൽ പതിയുകയായിരുന്നു. ബി.ജെ.പിയായിരുന്നു ഇവിടെ വിജയിച്ചത്. ആം ആദ്മി പാർട്ടിയുടെ ഹരജിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. ജനാധിപത്യത്തെ കൊലപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്.

അസാധുവായ ബാലറ്റ് പേപ്പറുകളിൽ അടയാളപ്പെടുത്താൻ ആരാണ് അനുവാദം നൽകിയതെന്ന് കോടതി റിട്ടേണിങ് ഓഫീസറോട് ചോദിച്ചു.

തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല, ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

പുതിയ തെരഞ്ഞെടുപ്പ് അനുവദിച്ചാൽ കൂറുമാറ്റവും കുതിരക്കച്ചവടവും നടക്കാനുള്ള സാധ്യത സുപ്രീം കോടതി ഇവിടെ പരിഗണിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ്‌ മിശ്ര എന്നിവരുടെ ബെഞ്ചാണ് ഫെബ്രുവരി 20ന് ഈ കേസിൽ വിധി പറഞ്ഞത്.

3. ബിൽകീസ് ബാനു കേസിൽ പ്രതികളെ കുറ്റവിമുക്തമാക്കിയ നടപടി റദ്ദാക്കിയത്

ബിൽകീസ് ബാനു കേസിൽ 11 പ്രതികളെയും വിട്ടയച്ച ഗുജറാത്ത്‌ സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയത് ജനുവരി എട്ടിനായിരുന്നു.

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കി. രണ്ടാഴ്ചക്കകം മുഴുവൻ പ്രതികളോടും ജയിലിൽ കീഴടങ്ങാനും കോടതി ഉത്തരവിട്ടു.

കീഴങ്ങാൻ സമയം നീട്ടിനൽകാണമെന്ന പ്രതികളുടെ ഹരജിയും സുപ്രീം കോടതി പിന്നീട് തള്ളി.

വിധി കേന്ദ്രത്തിലെയും ഗുജറാത്തിലെയും ബി.ജെ.പി സർക്കാരുകൾക്ക് ഒരുപോലെ പ്രഹരമായിരുന്നു.

4. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർക്കെതിരായ വിധി

കേരള, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങൾ ഗവർണർമാർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കേസുകളിലും ഗവർണർമാർക്ക് പ്രതികൂലമായ വിധികളാണ് കോടതിയിൽ നിന്നുണ്ടായത്.

ബിൽ പാസാക്കാതെ പിടിച്ചുവെച്ചുകൊണ്ട് നിയമം റദ്ദാക്കാൻ ഗവർണർമാർക്ക് കഴിയില്ലെന്നും ബില്ലുകൾ നിയമസഭക്ക് തിരിച്ചയക്കണമെന്നും കോടതി നവംബറിൽ പറഞ്ഞിരുന്നു. ബില്ലുകൾ പാസാക്കുന്നതിൽ ഗവർണർമാർക്ക് നിയമസഭയെ മറികടക്കാൻ ആവില്ലെന്ന് പഞ്ചാബ് ഗവർണർക്കെതിരായ കേസിൽ കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനം കേസുമായി കോടതിയിലെത്തുകയോ കേസ് കോടതി പരിഗണിക്കാനിരിക്കുകയോ ചെയ്യുമ്പോൾ മൂന്ന് സംസ്ഥാനത്തേയും ഗവർണർമാർ ബില്ലുകൾ അംഗീകരിക്കും, അല്ലെങ്കിൽ തിരിച്ചയക്കും.

ഈ നടപടിയിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് തീക്കൊള്ളി കൊണ്ട് കളിക്കരുതെന്ന് ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്. പഞ്ചാബ് സർക്കാരിന്റെ ഹരജിയിൽ ഗവർണർ പുരോഹിതിനെതിരെ രൂക്ഷവിമർശനം നടത്തിയ കോടതി ഈ വിധി പകർപ്പ് വായിക്കാൻ ആരിഫ് മുഹമ്മദ് ഖാനോട് പറയണമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

5. കേരളത്തിന്റെ കടമെടുപ്പ് പരിധിയിലെ വിധി

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് അനുകൂലവും കേന്ദ്രത്തിന് തിരിച്ചടിയുമായി മറ്റൊരു വിധി കേരളത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്ന് വന്നിരുന്നു.

പ്രതിസന്ധിയിലുള്ള കേരളത്തിന് പ്രത്യേക പരിഗണന നൽകുന്നതിൽ എന്താണ് തടസമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. ഏപ്രിൽ ഒന്നാം തീയതി 5000 കോടി രൂപ കേരളത്തിൽ നൽകാമെന്ന് കേന്ദ്രം അറിയിച്ചപ്പോൾ കേരളത്തിന് പ്രതിസന്ധി ഇപ്പോഴാണെന്നും അടുത്ത പത്ത് ദിവസങ്ങൾക്കുള്ളിൽ കേരളത്തിന് പ്രത്യേക പാക്കേജ് നൽകണമെന്നും പരമോന്നത കോടതി പറഞ്ഞു.

സുപ്രീംകോടതിയിലെ കേസ് പിൻവലിച്ചാൽ മാത്രമേ അടിയന്തര സഹായം നൽകൂ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ പിന്നീട് അടിയറവ് പറഞ്ഞ ബി.ജെ.പി സർക്കാർ 13600 കോടി രൂപ കേരളത്തിന് നൽകാമെന്ന് പിന്നീട് കോടതിയിൽ അറിയിച്ചു.

രാജ്യത്തെ ഹൈക്കോടതികളിൽ നിന്നും നിരാശപ്പെടുത്തുന്ന വിധി ഉണ്ടാകുമ്പോൾ സുപ്രീം കോടതിയിൽ നിന്ന് അടുത്തകാലത്ത് തുടർച്ചയായി ഭരണകൂടം തിരിച്ചടി നേരിടുകയാണ്.

Content Highlight: Continuous setbacks for central government from Supreme Court