ന്യൂദല്‍ഹി; കൊവിഡ് കാലത്തും ഇന്ധനവില തുടര്‍ച്ചയായി കൂട്ടുന്നതില്‍ ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
എണ്ണ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് രാജ്യത്ത് നാണയപ്പെരുപ്പവും ചെലവും വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ഉചിതമായ നടപടികള്‍ എടുക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എക്‌സൈസ് തീരുവ, സെസ് തുടങ്ങിയവ കുറയ്ക്കാന്‍ കേന്ദ്രവും വാറ്റ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും തയ്യാറാവണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു.
രാജ്യത്ത് കൊവിഡ് ഒന്നാം തരംഗം രൂക്ഷമായ 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസല്‍ ലിറ്ററിന് 16 രൂപയുമാണ് കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടിയത്.
നിലവില്‍ പെട്രോളിന് ലിറ്ററിന് 32.9 രൂപയും ഡീസല്‍ ലിറ്ററിന് 31.8 രൂപയുമാണ് എക്‌സൈസ് തീരുവ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും കൊവിഡ് കാലത്തും ഇന്ധന വില വര്‍ധിക്കുകയാണ്.
യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പലരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
അവശ്യ സാധനങ്ങള്‍ അടക്കമുള്ളവയ്ക്ക് വില കുതിച്ചു കയറുന്നതിന് ഇന്ധന വില വര്‍ധനവ് കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയിലിന് വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.