ഇസ്‌ലാമാബാദ്: ഈ വര്‍ഷം ഡിസംബറില്‍ എല്‍ സാല്‍വഡോറില്‍ നടക്കുന്ന 72ാമത് ഗ്ലോബല്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള മത്സരാര്‍ത്ഥിയുണ്ടാകും. ചരിത്രത്തിലാദ്യമായാണ് ഗ്ലോബല്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പാകിസ്ഥാനില്‍ ഒരു മത്സരാര്‍ത്ഥിയുണ്ടാകുന്നത്. മാലിദ്വീപില്‍ നടന്ന മിസ് യൂണിവേഴ്‌സ് പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയി 24 വയസ് പ്രായമുള്ള മോഡല്‍ എറിക റോബിനാണ് ഗ്ലോബല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. കറാച്ചി സ്വദേശിയാണ് എറിക റോബിന്‍.
അതേസമയം മത്സരത്തില്‍ പങ്കെടുക്കുന്നതിന് വലിയ എതിര്‍പ്പാണ് പാകിസ്ഥാനിലെ യാഥാസ്ഥിക വിഭാഗങ്ങളില്‍ നിന്ന് എറിക റോബിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത പണ്ഡിതനായ തഖി ഉസ്മാനാണ് വിഷയത്തില്‍ ആദ്യം വിമര്‍ശനവുമായി രംഗത്ത് വന്നത്.
പാകിസ്ഥാന്‍ മത്സരാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാകിസ്ഥാനില്‍ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.
പാകിസ്ഥാന്‍ ആരെയും ഒദ്യോഗികമായി മത്സരത്തിന് നാമനിര്‍ദേശം ചെയ്തിട്ടില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പാക് ഭരണകൂടം നല്‍കുന്നത്. പാക് വാര്‍ത്ത വിതരണ മന്ത്രി മുര്‍താസ സോളങ്കിയാണ് പാക് സര്‍ക്കാറിന് വേണ്ടി ഈ വിശദീകരണം നല്‍കിയിരിക്കുന്നത്.
മലാല യൂസഫ്‌സായിക്ക് നേരിടേണ്ടി വന്നതിന് സമാനമായ ആക്രമണമാണ് എറിക റോബിന്‍ നേരിടുന്നതെന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ ഡോണിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു. സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്നാണ് അദ്ദേഹം പറയുന്നത്. ലോക വേദികളില്‍ ശ്രദ്ധിക്കപ്പെടുന്ന പാകിസ്ഥാന്‍ സ്ത്രീകളെ ആക്രമിക്കുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. എന്ത് കൊണ്ടാണ് ലേകവേദികളില്‍ സ്ത്രീകള്‍ നേടുന്ന നേട്ടങ്ങള്‍ സദാചാരത്തിന് കളങ്കമായി കാണുന്നത് എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സമൂഹമാധ്യമങ്ങളിലടക്കം നിരവധിപേര്‍ എറിക റോബിനെ അഭിന്ദിച്ചും പിന്തുണച്ചും രംഗത്ത് വരുന്നുണ്ട്. പാകിസ്ഥാന്‍ എല്ലാവരുടേതുമാണ്. എല്ലാ പാകിസ്ഥാനികള്‍ക്കും എപ്പോള്‍, എവിടെ വേണമെങ്കിലും തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്നാണ് എറിക്കിന് പിന്തുണക്കുന്നര്‍ പറയുന്നത്.
content highlights: Contestant from Pakistan for Miss Universe pageant; First in history