| Tuesday, 20th August 2024, 10:29 am

ബ്രോഡ്കാസ്റ്റിങ് ബിൽ വിപുലമായ കൂടിയാലോചനകൾക്ക് ശേഷം മാത്രം: അശ്വിനി വൈഷ്ണവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2023ലെ കരട് ബ്രോഡ്‌കാസ്റ്റിങ് ബിൽ താത്കാലികമായി നിർത്തിവെച്ചതായി വിവര, പ്രക്ഷേപണ, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേത്തിന്റെ പ്രസ്താവന.

വിപുലമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ബിൽ നടപ്പിലാക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

‘വളരെ തുറന്ന മനസുള്ളവരാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ രാജ്യത്തിനായി എന്ത് ചെയ്താലും അതിനെക്കുറിച്ച് വിപുലമായി ആലോചനകൾ നടത്തിയും അതിന്റെ എല്ലാ വീക്ഷണങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തതിന് ശേഷം മാത്രമേ ഒരു നിയമം നിലവിൽ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുകയുള്ളു,’ അശ്വിനി വൈഷ്ണവ് പറഞ്ഞു.

ബ്രോഡ്കാസ്റ്റിങ് ബില്ലിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ബിൽ ഓൺലൈനിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നുവെന്ന് നിരവധി പത്രസ്ഥാപനങ്ങളും സിവിൽ സൊസൈറ്റി സംഘടനകളും വിമർശിച്ചിരുന്നു.

പിന്നാലെ ആഗസ്റ്റ് 12ന് ബ്രോഡ്കാസ്റ്റ് ബില്ലിൻ്റെ ഏറ്റവും പുതിയ കരട് കേന്ദ്ര സർക്കാർ പിൻവലിക്കുകയായിരുന്നു. ജൂലൈ 24, ജൂലൈ 25 തീയതികളിൽ വിതരണം ചെയ്ത ഫിസിക്കൽ കോപ്പികൾ തിരികെ നൽകാൻ സർക്കാർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

സർക്കാർ നടത്തുന്ന കൂടിയാലോചനകളിൽ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയില്ലെന്ന നിഗമനത്തിലെത്തിയാൽ പുതിയ ബില്ലിന് രൂപം നൽകില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു എന്ന പ്രസ് ബോഡികളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും ആരോപണങ്ങൾ കാരണമാണ് കേന്ദ്രം കരട് നിയമം നിർമാണം പിൻവലിച്ചതെന്ന് പറയപ്പെടുന്നുണ്ട്.

1995-ലെ കേബിൾ ടെലിവിഷൻ ശൃംഖലാ നിയന്ത്രണനിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിങ് സർവീസസ് (നിയന്ത്രണ) ബില്ലിന്റെ കരട്‌ പുറത്തിറക്കിയത്. ടെ​ലി​വി​ഷ​ൻ മാ​ത്രം ഉ​ൾ​പ്പെ​ട്ടി​രു​ന്ന പ​ഴ​യ നി​യ​മ​ത്തി​ൽ ഒ.​ടി.​ടി​യ​ട​ക്ക​മു​ള്ള​വ​യെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​തി​യ ബി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൂ​ച​ന.

എ​ന്നാ​ൽ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പു​റ​മെ വി​വി​ധ ക​ണ്ട​ന്റ് ക്രി​യേ​റ്റ​ർ​മാർ, ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ, വെ​ബ് സൈ​റ്റു​ക​ൾ എ​ന്നി​വ​രെ​ക്കൂ​ടി ബി​ല്ലി​ന്റെ പ​രി​ധി​യി​ൽ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശുപാർശ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നിയമവിദഗ്ധരടക്കമുള്ളവർ വിയോ​ജി​ച്ച് രം​ഗ​ത്തെ​ത്തി. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന വിമർശനം. ​

പൊതുതാൽപ്പര്യമോ ദേശീയ സുരക്ഷാ കാരണങ്ങളോ ചൂണ്ടിക്കാട്ടി ഒരു പ്രോഗ്രാമിൻ്റെ സംപ്രേക്ഷണം അല്ലെങ്കിൽ ഒരു ബ്രോഡ്കാസ്റ്ററിൻ്റെയോ പ്രക്ഷേപണ ശൃംഖലയുടെയോ പ്രവർത്തനം നിരോധിക്കാനുള്ള അധികാരം കേന്ദ്രത്തിന് ഈ ബിൽ നൽകുന്നുണ്ട്.

Content Highlight: Contentious Broadcasting Bill to go ahead only after wider consultations, says I&B minister

We use cookies to give you the best possible experience. Learn more