|

ഇത് വായിക്കൂ; എന്നിട്ട് എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതെന്ന് രാജ്യത്തോട് പറയൂ: പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുടെ പരാതിയില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ നടപടിയെടുക്കാത്തതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബ്രിജ് ഭൂഷണെതിരെ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

‘ നരേന്ദ്ര മോദിജി, ഗൗരവകരമായ ഈ കുറ്റാരോപണങ്ങള്‍ വായിക്കൂ. എന്നിട്ട് രാജ്യത്തോട് പറയൂ പ്രതിക്കെതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്’ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്.

ബ്രിജ് ഭൂഷണ്‍ സിങിനെതിരെ പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രൊഫഷണല്‍ സഹായത്തിന് പകരം ലൈംഗിക ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്ന രണ്ട് സന്ദര്‍ഭങ്ങള്‍, അനുചിതമായ സ്പര്‍ശനത്തിന്റെ പത്ത് സംഭവങ്ങള്‍ ഉള്‍പ്പെടുന്ന 15 ലൈംഗിക പീഡന സംഭവങ്ങള്‍, ഭീഷണിപ്പെടുത്തല്‍, സ്വകാര്യ ഭാഗങ്ങളില്‍ തൊടുക എന്നിവയാണ് ബ്രിജ് ഭൂഷണെതിരെ ഏപ്രില്‍ 28ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലുള്ളതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേ റിപ്പോര്‍ട്ട് പങ്കുവെച്ച് കൊണ്ട് ശിവസേന ഉദ്ധവ് പക്ഷം എം.പി പ്രിയങ്ക ചതുര്‍വേദിയും ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണെ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും സംരക്ഷിക്കുന്നത് എന്നായിരുന്നു ചതുര്‍വേദി ചോദിച്ചത്.

‘രാജ്യത്തെ പ്രധാനമന്ത്രി ഇയാളെ സംരക്ഷിക്കുന്നത് തുടരുന്നു. രാജ്യത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഇയാള്‍ക്ക് നിശബ്ദയായിരിക്കുന്നു. രാജ്യത്തെ കായിക മന്ത്രി ഇയാള്‍ക്കായി കണ്ണടച്ചിരിക്കുന്നു. ദല്‍ഹി പൊലീസ് ഇയാള്‍ക്കായി നടപടികള്‍ വൈകിപ്പിക്കുന്നു. എന്തുകൊണ്ടാണ് ബി.ജെ.പിയും കേന്ദ്രവും ഇയാളെ സംരക്ഷിക്കുന്നത്. എന്തെങ്കിലും ഉത്തരമുണ്ടോ?,’ എന്നായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്.

ദല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാളും കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിച്ചു. ഇത് ജോലി സ്ഥലത്തെ ലൈംഗിക പീഡനമല്ലെങ്കില്‍, മറ്റെന്താണെന്ന് അവര്‍ ചോദിച്ചു.

‘ഇത്രയും ഗൗരവതരമായ ലൈംഗിക ആരോപണങ്ങളുണ്ടായിട്ടും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഇത് പോരെന്നാണ് പറയുന്നത്. എന്ത് മാതൃകയാണ് പൊലീസ് കാണിക്കുന്നത്. ഇത് ജോലി സ്ഥലത്തെ ലൈംഗിക പീഡനമല്ലെങ്കില്‍ മറ്റെന്താണ്?,’ ദല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാളും ട്വീറ്റ് ചെയ്തു.

അതേസമയം, സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും ഖാപ് പ്രതിനിധി സംഘം കാണുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് വ്യാഴാഴ്ച പറഞ്ഞു. ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് അവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സോറം ഗ്രാമത്തില്‍ ഖാപ് മഹാപഞ്ചായത്ത് നടത്തുകയും ചെയ്തിരുന്നു.

Contenthighlight: Priyanka gandhi question pm inaction on case against brijbhusan singh