ജിദ്ദ: അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വൊളൊഡിമര്‍ സെലെന്‍സ്‌കി ഇന്ന് സൗദി അറേബ്യയില്‍ എത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് സര്‍ക്കാരിന്റെ വിമാനത്തിലാണ് ചെങ്കടല്‍ തുറമുഖ നഗരമായ ജിദ്ദയിലെത്തിയതായി സൗദി മാധ്യമമായ അല്‍ ഹദത്ത് ടിവി റിപ്പോര്‍ട്ട് ചെയ്തു.
സൗദിയില്‍ എത്തിയതായി സെലെന്‍സ്‌കി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഉഭയകക്ഷി ബന്ധവും അറബ് ലോകവുമായുള്ള ഉക്രൈനിന്റെ ബന്ധവും മെച്ചപ്പെടുത്തുന്നതിനായി സൗദി അറേബ്യയിലേക്കുള്ള എന്റെ ആദ്യ സന്ദര്‍ശനം ആരംഭിച്ചുവെന്നാണ് സെലെന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ക്രിമിയയിലെയും താല്‍ക്കാലിക അധിനിവേശ പ്രദേശങ്ങളിലെയും രാഷ്ട്രീയ തടവുകാരെ തിരികെ കൊണ്ടുവരല്‍, ഉക്രൈന്‍ ജനതയുടെ തിരിച്ചുവരവ്, സമാധാന ഫോര്‍മുല, ഊര്‍ജ്ജ സഹകരണം തുടങ്ങിയ വിവിധ മേഖലകളില്‍ സൗദി അറേബ്യ പ്രധാന പങ്ക് വഹിക്കും. സൗദിയുമായുള്ള ഞങ്ങളുടെ സഹകരണം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
2022 ഫെബ്രുവരി മുതല്‍ ഉക്രൈന് മേല്‍ റഷ്യ നടത്തുന്ന അധിനിവേശം 450ാം ദിവസത്തിലേക്ക് കടക്കുകയാണ്. അതിനിടെയാണ് അറബ് ലീഗ്, ജി 7 ഉച്ചകോടി എന്നിവയില്‍ പങ്കെടുക്കാന്‍ സെലെന്‍സ്‌കി എത്തുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഭാഗത്ത് നിന്ന് കിവിന് നേരെ കടുത്ത മിസൈലാക്രമണം നേരിട്ടിരുന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായി സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസാദും അറബ് ലീഗില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ മോദി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജി 7 ഉച്ചകോടിക്കിടയില്‍ പ്രമുഖ ലോക നേതാക്കള്‍ എല്ലാവരുമായും സെലെന്‍സ്‌കി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
content highlights: Zelensky arrives in Saudi Arabia to attend Arab League summit