ഹരിദ്വാര്‍: മെഡലുകള്‍ ഗംഗയിലൊഴുക്കാനെത്തിയ രാജ്യത്തിന്റെ അഭിമാനതാരങ്ങളായ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍. കേന്ദ്ര സര്‍ക്കാരും പൊലീസും വരെ നോക്കുകുത്തി ആയിടത്താണ് താരങ്ങളെ ആശ്വസിപ്പിക്കാനും അസാധാരണമായ സമരരീതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും കര്‍ഷക നേതാക്കള്‍ ഓടിയെത്തിയത്.
ജാട്ട് വിഭാഗത്തിലെ പ്രധാന നേതാക്കളായ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ താരങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും ഗുസ്തി സമരങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണയര്‍പ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളുണ്ടെന്ന ഉറപ്പുനല്‍കിയാണ് കര്‍ഷക നേതാക്കള്‍ താരങ്ങളെ അനുനയിപ്പിച്ചത്.
അതേസമയം, അഞ്ച് ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ ഗംഗയില്‍ ഒഴുക്കാന്‍ തിരിച്ചെത്തുമെന്നും താരങ്ങള്‍ കര്‍ഷക നേതാക്കളെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന് അഞ്ച് ദിവസത്തെ സമയം കൂടി നല്‍കുമെന്നും അതിനുള്ളില്‍ ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ ശക്തമായ സമരം ആരംഭിക്കുമെന്നും കര്‍ഷക നേതാക്കള്‍ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
ഇതിന് പിന്നാലെ മെഡലുകള്‍ കര്‍ഷക നേതാക്കള്‍ തന്നെ ഏറ്റുവാങ്ങുകയും താരങ്ങളെ ഗംഗാ നദീ തീരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഗുസ്തി താരങ്ങളെ പിന്തുണച്ച് വന്‍ ജനാവലിയാണ് ഹരിദ്വാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Content Highlights: wrestlers reached haridwar, farmers helps them to return