| Wednesday, 16th March 2022, 12:31 pm

2011ലെ രാജ്യദ്രോഹക്കേസില്‍ ആദിവാസി ആക്ടിവിസ്റ്റ് സോണി സോറിയെ കോടതി വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകയും ആദിവാസി നേതാവുമായ സോണി സോറിയെ രാജ്യദ്രോഹ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കി.

ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച സോണി സോറിയെ കുറ്റവിമുക്തയാക്കിയത്.

ഈ കേസില്‍ കുറ്റവിമുക്തയായതോടെ, കഴിഞ്ഞ ബി.ജെ.പി ഭരണകാലത്ത് സോണിക്കെതിരെ ചുമത്തിയ എല്ലാ കേസുകളില്‍ നിന്നും ഇവര്‍ കുറ്റവിമുക്തയായി.

ദന്തേവാഡയില്‍ നിന്നുള്ള ഗോത്രവര്‍ഗ പ്രവര്‍ത്തകയായ സോറി ബസ്തറില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും നടത്തിയ ദയാരഹിതമായ കൊലപാതകങ്ങളും പ്രശ്നങ്ങളും തുറന്നുകാട്ടിയിരുന്നു.

2011 സെപ്റ്റംബറില്‍ ദന്തേവാഡെ പൊലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ സോറി, അവളുടെ സഹായി ലിംഗാറാം കൊഡോപ്പി, കരാറുകാരന്‍ ബി.കെ. ലാല, എസ്സാര്‍ ഉദ്യോഗസ്ഥന്‍ ഡി.വി.സി.എസ്.വര്‍മ്മ എന്നിവര്‍ കുറ്റക്കാരല്ലെന്ന് പ്രത്യേക ജഡ്ജി വിനോദ് കുമാര്‍ ദേവാംഗന്‍ കണ്ടെത്തി.

2011 ഒക്ടോബര്‍ 4നാണ് ദല്‍ഹിയില്‍ വെച്ച് സോണിസോറിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസിന് കൈമാറി.

മാവോയിസ്റ്റുകളുടെ സന്ദേശവാഹകയായി പ്രവര്‍ത്തിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

28ന് ജഗദല്‍പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ നിന്ന് ദന്തേവാഡയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി. ഉത്തരവിന്റെ പകര്‍പ്പ് പ്രകാരം സോറിക്കും മറ്റുള്ളവര്‍ക്കുമെതിരായ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്റെ നിരവധി സാക്ഷികള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതായി കോടതി രേഖപ്പെടുത്തി.

”പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല,” തെളിവുകളുടെ അഭാവത്തില്‍ നാലുപേരെയും വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

ജയിലില്‍ നിന്ന് തനിക്ക് ലൈംഗികമായ പീഡനങ്ങളുള്‍പ്പെടെ ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.

Content Highlights: Tribal activist Soni Sori acquitted in 2011 sedition case by Dantewada court

We use cookies to give you the best possible experience. Learn more