| Friday, 16th June 2023, 12:43 am

ഭരതനും പത്മരാജനും ചെയ്തതിന്റെ മറ്റൊരു രൂപമാണ് ഇപ്പോൾ സിനിമകളിൽ, അല്ലാതെ വേറെ മാറ്റമൊന്നും ഇപ്പോൾ ഇല്ല: സലിം കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭരതനും പത്മരാജനുമൊക്കെ ചെയ്‌ത സിനിമകളുടെ മറ്റൊരു രൂപമാണ് ഇപ്പോൾ സിനിമകളിൽ ഉള്ളതെന്ന് നടൻ സലിം കുമാർ. ഇപ്പോൾ സിനിമകളിൽ മുൻകാലങ്ങളിൽ നിന്ന് മാറ്റമില്ലെന്നും പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിൽ പകർത്തിയിരിക്കുന്നപോലെ തോന്നിയിട്ടേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ദി ന്യു ഇന്ത്യൻ എക്സ്പ്രസ് കേരളക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ സിനിമയിൽ നിന്ന് വിട്ട് നിന്നിട്ട് ഇപ്പോൾ നാല് വർഷം ആയിട്ടേയുള്ളു. അതിനിടയിൽ സിനിമയിൽ പ്രകടമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇവിടെ പഴയകാലത്തുണ്ടായിരുന്ന കെ.ജി. ജോർജോ, അരവിന്ദനോ ഒക്കെ കൊണ്ടുവന്ന മാറ്റങ്ങൾ ഒന്നും പുതിയ തലമുറ കൊണ്ടുവന്നിട്ടില്ല. മാറ്റങ്ങൾ എന്നൊക്കെ വെറുതെ പറയുന്നതാണ്.

പത്മരാജൻ, ഭരതൻ തുടങ്ങിയ ആളുകൾ ഒക്കെ ചെയ്തതിന്റെ മറ്റൊരു രൂപമേ ഇപ്പോൾ കാണുന്നുള്ളൂ. അല്ലാതെ അതിഭയങ്കരമായ പുതിയ മാറ്റങ്ങളൊന്നും ഇപ്പോൾ സിനിമയിൽ ഇല്ല. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിൽ ആക്കിയെന്നേയുള്ളൂ. പിന്നെ അങ്ങനെ മാറ്റം ഒന്നും വന്നതായി എനിക്ക് തോന്നുന്നില്ല,’ സലിം കുമാർ പറഞ്ഞു.

മുൻകാലങ്ങളെ അപേക്ഷിച്ച് പുതിയ തലമുറയിലെ ആസ്വാദകൾക്ക് മുൻനിര നടന്മാരെയല്ല ഇഷ്ടമെന്നും അവർ പഴയ തലമുറയിൽ നിന്നും വളരെ വ്യത്യസ്തരാണെന്നും അദ്ദേഹം പറഞ്ഞു.

‘പഴയ കാലത് ഏറ്റവും ഇഷ്ടമുള്ള നടൻ ആരാണെന്ന് ചോദിച്ചാൽ സത്യൻ അല്ലെങ്കിൽ നസീർ ആണെന്ന് പറയും. എന്നാൽ അത് കഴിഞ്ഞിട്ട് വന്ന തലമുറ പറയും മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്ന്. എന്നാൽ ഇന്നത്തെ തലമുറ അതിൽ നിന്നൊക്കെ വ്യത്യസ്തരാണ്. ഇന്നത്തെ തലമുറ 100 ശതമാനം മമ്മൂട്ടിയോ മോഹൻലാലോ അല്ല. പുറത്തുള്ള നടന്മാരൊക്കെ ഉണ്ട്. അജിത്തിന്റെയും വിജയിയുടെയും സിനിമയൊക്കെ ഇവിടുത്തെ നടന്മാരുടേതിനേക്കാൾ കൂടുതൽ കളക്ഷൻ നേടാറുണ്ട്,’ സലിം കുമാർ പറഞ്ഞു.

Content Highlights: Salim Kumar on new Malayalam cinema

We use cookies to give you the best possible experience. Learn more