| Saturday, 27th May 2023, 1:49 pm

ആരും തോറ്റ് കൊടുക്കാനില്ല; പരസ്പരം പോരടിച്ച് ടൈറ്റന്‍സിന്റെ ത്രീ മെന്‍ ആര്‍മി!

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.പി.എല്‍ സീസണില്‍ വിക്കറ്റ് വേട്ടയില്‍ പരസ്പരം പോരടിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്റെ ത്രീ മെന്‍ ആര്‍മി. പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ മുഹമ്മദ് ഷമി (28), റാഷിദ് ഖാന്‍ (27), മോഹിത് ശര്‍മ (24) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഷമിയും റാഷിദും 16 വീതം മത്സരങ്ങളാണ് കളിച്ചതെങ്കില്‍ മൂന്നാം സ്ഥാനക്കാരനായ മോഹിത് ശര്‍മ കളിച്ചത് വെറും 13 മത്സരങ്ങളാണ്. ഈ സീസണില്‍ മറ്റ് രണ്ടുപേര്‍ക്കും അവകാശപ്പെടാനില്ലാത്ത അഞ്ച് വിക്കറ്റ് നേട്ടത്തിന് (10 റണ്‍സ് വഴങ്ങി 5 വിക്കറ്റ്) കൂടി ഉടമയാണ് മോഹിത് എന്നതും ശ്രദ്ധേയമാണ്. ഇക്കുറി രണ്ട് വട്ടം നാല് വിക്കറ്റ് പ്രകടനവും നടത്തി.

മുംബൈക്കെതിരെ പുറത്തെടുത്ത പ്രകടനം ഫൈനലില്‍ ആവര്‍ത്തിച്ചാല്‍ താരത്തിന് പര്‍പ്പിള്‍ ക്യാപ്പിന് വരെ സാധ്യതയുണ്ട്. 2023 ഐ.പി.എല്ലില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഷമിയുടെ മികച്ച പ്രകടനം. അതേസമയം, 30 റണ്‍സിന് നാല് വിക്കറ്റെടുത്തതാണ് റാഷിദ് ഖാന്റെ സീസണ്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്.

ഈ സീസണിലെ മികച്ച ബൗളിങ് ആവറേജും (13.54) മോഹിത് ശര്‍മയുടേതാണ്. ഒന്നാം സ്ഥാനക്കാരനായ ഷമിയുടെ ബൗളിങ് ആവറേജ് 17.60ഉം, രണ്ടാമനായ റാഷിദിന്റേത് 18.81ഉം ആണ്. ഓരോ പത്ത് പന്തെറിയുമ്പോഴും താരം ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിന്റെ നെറ്റ് ബൗളറായിരുന്ന താരം, 2023ല്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്.

ഇന്നലെ മുംബൈയുടെ ചേസിങ്ങില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയ, ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ കുറ്റി തെറിപ്പിച്ച് കളി ഗുജറാത്തിന് അനുകൂലമാക്കി തിരിച്ചതും മോഹിത് ശര്‍മയാണ്. 14.2 ഓവറില്‍ 155/4 എന്ന ശക്തമായ നിലയിലായിരുന്നു മുംബൈ അപ്പോള്‍.

പീയുഷ് ചൗള (22), യുസ്‌വേന്ദ്ര ചഹല്‍ (21), തുഷാര്‍ ദേശ്പാണ്ഡെ (21), വരുണ്‍ ചക്രവര്‍ത്തി (20), രവീന്ദ്ര ജഡേജ (19), മുഹമ്മദ് സിറാജ് (19), മതീശ പതിരാന (17) എന്നിവരാണ് ആദ്യ പത്തിനുള്ളിലുള്ള പന്തേറുകാര്‍. ഈ സീസണിലെ പര്‍പ്പിള്‍ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ച പത്തില്‍ എട്ട് പേരും ഇന്ത്യന്‍ താരങ്ങളാണെന്ന സവിശേഷതയുമുണ്ട്.

content highlights: purple cap fight among gujarat titans bowlers

We use cookies to give you the best possible experience. Learn more