| Thursday, 1st June 2023, 9:20 am

റോക്കറ്റ് തകര്‍ന്ന് വീണു; നോര്‍ത്ത് കൊറിയന്‍ ചാരസാറ്റ്‌ലൈറ്റ് വിക്ഷേപണം പരാജയം; അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് സൗത്ത് കൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോള്‍: നോര്‍ത്ത് കൊറിയയുടെ ചാരസൈനിക സാറ്റ്‌ലൈറ്റ് വിക്ഷേപണം പരാജയം. വിക്ഷേപണത്തിന് പിന്നാലെ സാങ്കേതിക തകരാര്‍ മൂലം റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ തിരികെ കടലില്‍ പതിച്ചെന്നാണ് വിവരം. സൗത്ത് കൊറിയന്‍ സൈന്യം ചാര സാറ്റ്‌ലൈറ്റിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിലവില്‍ നോര്‍ത്ത് കൊറിയക്ക് സ്‌പേസില്‍ സാറ്റ്‌ലൈറ്റുകള്‍ ഒന്നുമില്ല. അതിനാലാണ് രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം അടിയന്തര ആവശ്യമെന്ന നിലയില്‍ അവര്‍ തദ്ദേശീയമായി ചാരഉപഗ്രഹം നിര്‍മ്മിച്ചത്. സാങ്കേതിക വിദ്യകളെ ദുരുപയോഗം ചെയ്യരുതെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണിത്.

അമേരിക്കയുടെയും സഖ്യസേനകളുടെയും സൈനിക മുന്നേറ്റങ്ങളെ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള സാറ്റ്‌ലൈറ്റായിരുന്നു തകര്‍ന്ന് വീണത്. റോക്കറ്റിന് ഗതിവേഗം നഷ്ടപ്പെട്ട് തിരികെ ഭൂമിയിലേക്ക് തന്നെ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് കൊറിയന്‍ സെന്‍ട്രല്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാറ്റ്‌ലൈറ്റ് വിക്ഷേപണത്തില്‍ കണ്ടെത്തിയ ഗുരുതരമായ വീഴ്ചകള്‍ പുനപരിശോധിക്കുമെന്നും വീണ്ടും വിക്ഷേപണം നടത്തുമെന്നും അവര്‍ അറിയിച്ചു.

അതേസമയം, ചാരസാറ്റ്‌ലൈറ്റ് വഹിച്ച റോക്കറ്റിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ യെല്ലോ സീയില്‍ (yellow sea) നിന്നും കണ്ടെത്തിയതായി ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു.

ഉപഗ്രഹ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നോര്‍ത്ത് കൊറിയയുടെ രഹസ്യ ദൗത്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുമെന്നാണ് കരുതുന്നതെന്ന് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനലിസ്റ്റായ അങ്കിത് പാണ്ട പറഞ്ഞതായി എ.എഫ്.പി അറിയിച്ചു. ബാലിസ്റ്റിക് മിസൈല്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള വിക്ഷേപണങ്ങള്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉടമ്പടികള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം നീക്കങ്ങളിലൂടെ നേരത്തെ നിരോധിക്കപ്പെട്ട ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങള്‍ ഒളിപ്പിച്ചുവെക്കാന്‍ നോര്‍ത്ത് കൊറിയക്ക് സാധിക്കുമെന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 2012, 2016 വര്‍ഷങ്ങളില്‍ നോര്‍ത്ത് കൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെ ഐക്യരാഷ്ട്ര സഭ അവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക-സൗത്ത് കൊറിയ സൈനികാഭ്യാസങ്ങള്‍ക്ക് പിന്നാലെ, മേഖലയെ പ്രതിരോധിക്കാന്‍ രഹസ്യവിവരങ്ങളും കൂടുതല്‍ ആയുധങ്ങളും വേണമെന്ന് നോര്‍ത്ത് കൊറിയന്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: north korean spy satelite rocket crashed in yellow sea

We use cookies to give you the best possible experience. Learn more