വാഷിങ്ടണ്‍: 2001 സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തിന് സൗദി സര്‍ക്കാര്‍ ധന സഹായം നല്‍കിയതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട്. എഫ്.ബി.ഐയുടെ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍.
തട്ടിക്കൊണ്ടുപോയവര്‍ക്ക് യു.എസിലെ സൗദി അസോസിയേറ്റ്‌സുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ രേഖയില്‍ വിവരിക്കുന്നുണ്ടെങ്കിലും സൗദി സര്‍ക്കാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരസ്യമാക്കാനുള്ള യു.എസ് തീരുമാനം സൗദി അറേബ്യ സ്വാഗതം ചെയ്തിരുന്നു. ആക്രമണത്തിലെ പ്രതികളെ സഹായിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ഇതിനാകുമെന്ന് സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു.
2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കാനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ ഇത്രയും കാലം പുറത്ത് വിട്ടിരുന്നില്ല.
അല്‍ഖ്വയ്ദ തീവ്രവാദികളെ സൗദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ മറച്ചു വെച്ചെന്നായിരുന്നു പ്രധാന ആരോപണം. തെളിവുകളും രേഖകളും പുറത്ത് വിടുന്നതോടെ ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുമെന്ന് സൗദിയുടെ വാഷിങ്ടണ്‍ എംബസി പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം നടത്തിയ 19 ല്‍ 15 പേര്‍ സൗദി പൗരന്‍മാരായിരുന്നു. മൂവായിരത്തോളം പേരുടെ മരണത്തിനാണ് ആക്രമണം കാരണമായത്. രണ്ട് പാസഞ്ചര്‍ എയര്‍ലൈനുകളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററില്‍ അന്ന് ഇടിച്ചു കയറ്റിയത്. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു.
വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു കൃഷിയിടത്തിലും പതിച്ചു. സൗദിയുടെ അടുത്ത സഖ്യ രാജ്യങ്ങളിലൊന്നായ യു.എസിനെതിരായ ആക്രമണത്തെ സൗദി തുടക്കം മുതല്‍ അപലപിച്ചിരുന്നു.
Content Highlights: No evidence that Saudi govt funded 9/11 attackers: FBI releases declassified record