വാഷിങ്ടണ്‍: 2001 സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തിന് സൗദി സര്‍ക്കാര്‍ ധന സഹായം നല്‍കിയതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട്. എഫ്.ബി.ഐയുടെ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍.
തട്ടിക്കൊണ്ടുപോയവര്‍ക്ക് യു.എസിലെ സൗദി അസോസിയേറ്റ്‌സുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ രേഖയില്‍ വിവരിക്കുന്നുണ്ടെങ്കിലും സൗദി സര്‍ക്കാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരസ്യമാക്കാനുള്ള യു.എസ് തീരുമാനം സൗദി അറേബ്യ സ്വാഗതം ചെയ്തിരുന്നു. ആക്രമണത്തിലെ പ്രതികളെ സഹായിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ഇതിനാകുമെന്ന് സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു.
2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കാനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ ഇത്രയും കാലം പുറത്ത് വിട്ടിരുന്നില്ല.