ന്യൂദല്‍ഹി:കയ്യേറ്റ മാഫിയ ദല്‍ഹിയിലെ ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയാണെന്ന പരാതിയുമായി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം.
ജാമിയ നഗറിലെ നൂര്‍നഗററില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം തകര്‍ത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂര്‍നഗറിലെ മുസ്‌ലിം വിഭാഗം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കയ്യേറ്റ മാഫിയ ക്ഷേത്രം നശിപ്പിച്ച് നിയമവിരുദ്ധമായി ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നുണ്ട്.
പരാതിക്കാരായ നൂര്‍ നഗര്‍ നവാസികള്‍ പറയുന്നത് ക്ഷേത്രം നിര്‍മ്മിച്ചത് 1970ലാണെന്നാണ്. തുടര്‍ന്ന് പൂജകളും കീര്‍ത്തനങ്ങളും തടസ്സമില്ലാതെ ക്ഷേത്രത്തില്‍ തുടര്‍ന്നുവരികയുമാണ്. എട്ടോ പത്തോ വിഗ്രഹങ്ങളും ക്ഷേത്രത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. കയ്യേറ്റ മാഫിയ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ക്ഷേത്രം തകര്‍ക്കാനും ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമി കയ്യേറാനും ശ്രമിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്.
പരാതിയില്‍ പറയുന്നത് പ്രകാരം പ്രദേശത്ത് നിയമവിരുദ്ധമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം സംരക്ഷിക്കണമെന്നും ജസ്റ്റിസ് സജ്ജീവ് സച്ച്ദേവ് ഉത്തരവിട്ടു. പ്രദേശത്ത് ക്രമസമാധന നില ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.