ബാബറി മസ്ജിദ് വിധി: 'തലവിധി'യെന്ന് മുരളി ഗോപി
Babari Masjid Verdict
ബാബറി മസ്ജിദ് വിധി: 'തലവിധി'യെന്ന് മുരളി ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th September 2020, 8:57 pm

കൊച്ചി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട ലഖ്‌നൗ സി.ബി.ഐ കോടതി വിധിയില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ ബാബറി മസ്ജിദ് പൊളിച്ച കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ടു, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി എന്ന വാര്‍ത്താ തലക്കെട്ടിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ‘തലവിധി’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.

വിഷയത്തില്‍ നിരവധിപേര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കോടതിയുടെ വിധി മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തെ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു.

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Murali Gopi Response In Babari Masjid Verdict