മെസിയെയും റൊണാൾഡോയെയും പിന്തള്ളി റയൽ മാഡ്രിഡിന്റെ കരിം ബെൻസെമയാണ് ഇത്തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യത്തെ ബാലൺ ഡി ഓർ ആണിത്.
സിനദിൻ സിദാന് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് താരം ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്.
നിലവിൽ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ബെൻസെമ ഇത്തവണ ബാലൺ ഡി ഓർ അടിക്കുമെന്ന് ഫുട്‌ബോളിനകത്തും പുറത്തും പ്രവചനങ്ങൾ ഉണ്ടായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗിലും ലാ ലീഗ മത്സരങ്ങളിലും എക്കാലത്തെയും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിരുന്നത്. അതായിരുന്നു ബാലൻ ഡി ഓറിലേക്ക് താരത്തെ നയിച്ചതും.
ഏഴ് തവണ ബാലൺ ഡി ഓർ പുരസ്‌കാര ജേതാവായിരുന്ന അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ പേര് നോമിനേഷനിൽ പോലുമില്ലായിരുന്നു. അതേസമയം അഞ്ച് വർഷം ബാലൺ ഡി ഓർ ജേതാവായിരുന്ന പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 20ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
ഇരുവരും കഴിഞ്ഞ സീസണിൽ മോശം ഫോം കാഴ്ച വെച്ചതിനെ തുടർന്നാണ് റാങ്കിങ്ങിൽ പുറകോട്ടായത്.
തുടർന്ന് താരങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളായുയർന്നത്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോൾ നിരീക്ഷകനായ ടിം ഷെർവുഡ്.
മെസിയുടെയും റൊണാൾഡോയും കാലം കഴിഞ്ഞുവെന്നും ഇനി പുതിയ ആളുകളെ തേടിയാണ് ബാലൺ ഡി ഓർ എത്തുക എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഉദാഹരണമായി കിലിയൻ എംബാപ്പെയെയും ഹാലണ്ടിനെയുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മെസിയും റൊണാൾഡോയും 30 വയസ് പിന്നിട്ടത് മാത്രമല്ല കാരണമെന്നും ഇരുവർക്കും പഴയ പോലെ കളിയിൽ തുടരാനാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മെസിക്ക് അവസരമുണ്ടായേക്കാമെന്നും പി.എസ്.ജിയിലെ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പട്ട് വരുന്നുണ്ടെന്നും ടിം പറഞ്ഞു.
മാത്രമല്ല വരാനിരിക്കുന്ന ലോകകപ്പിൽ പഴയ ഫോമിലേക്ക് തിരിച്ചെത്താനും കൂടുതൽ സ്കോർ ചെയ്യാനും കഴിയുന്നുണ്ടെങ്കിൽ അതും ഗുണം ചെയ്യുമെന്നും ടിം ഷെർവുഡ് കൂട്ടിച്ചേർത്തു.
Content Highlights: Messi and Ronaldo won’t win Another Ballon d’Or, says Tim Sherwoods