തിരുവനന്തപുരം: കെ.പി.സി.സി ഓഫീസില്‍ കെ.എസ്.യു നേതാക്കള്‍ തമ്മിലടിച്ചു. ഞായറാഴ്ച വൈകീട്ട് കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹം കഴിഞ്ഞ ഭാരവാഹികളുടെ രാജി വിഷയമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
എ, ഐ ഗ്രൂപ്പുകള്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ അനുകൂലികളുമായി ഏറ്റുമുട്ടുകയായിരുന്നു. ബഹളം കാരണം നടപടികള്‍ പൂര്‍ത്തിയാകാതെ യോഗം പിരിഞ്ഞെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കെ.എസ്.യു നേതൃത്വം സ്ഥാനമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടന്നത്.
സംസ്ഥാന കമ്മിറ്റിയിലെ 27 വയസ് പ്രായപരിധി പിന്നിട്ടവരുടെയും വിവാഹം കഴിഞ്ഞവരുടെയും രാജി എന്‍.എസ്.യു നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 27 വയസ് കഴിഞ്ഞ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് മാത്രം ഇളവ് നല്‍കിയാണ് മറ്റുള്ളവരുടെ രാജി ആവശ്യപ്പെട്ടത്. സംഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
വിവാഹം കഴിഞ്ഞവരും പ്രായപരിധി കഴിഞ്ഞവരുമായ പത്ത് പേരാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ കുറച്ച് പേര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്തുകൊണ്ടാണ് ബാക്കിയുള്ളവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യം എ, ഐ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ യോഗത്തില്‍ ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയില്‍ നിന്നുള്ള നേതാവ് രംഗത്തെത്തി. ഇത് തൃശൂരില്‍ നിന്നുള്ള കെ.സി. വേണുഗോപാല്‍ പക്ഷക്കാരനായ ഭാരവാഹിയെ പ്രകോപിപ്പിച്ചു. പിന്നാലെ ഉന്തും തള്ളും ചേരി തിരിഞ്ഞുള്ള അടിയും ആരംഭിക്കുകയായിരുന്നു. ഇതിനിടെ കെ.പി.സി.സി നേതാക്കളില്‍ ചിലര്‍ ഇടപെട്ട് ഭാരവാഹികളെ അനുനയിപ്പിക്കാനും ശ്രമം നടത്തിയിരുന്നു.