| Saturday, 27th May 2023, 4:19 pm

അവന്‍ മറഡോണയുടെയും ക്രൈഫിന്റേയും മിക്‌സാണ്; അര്‍ജന്റൈന്‍ സൂപ്പര്‍താരത്തെ പുകഴ്ത്തി ബാഴ്‌സ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ഗോട്ടുകളായ ഡീഗോ മറഡോണയുടെയും യൊഹാന്‍ ക്രൈഫിന്റേയും മിക്‌സാണ് സാക്ഷാല്‍ ലയണല്‍ മെസിയെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാന്‍ ലപോര്‍ട്ട. ക്യാമ്പ് നൗവിലെ ഏറ്റവും മനോഹരമായ ഓര്‍മ മെസി തന്നെയാണെന്നും ലാ മാസിയയില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മിശിഹയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരമെന്നും അദ്ദേഹം പറഞ്ഞു.

‘ക്യാമ്പ് നൗവിലെ ഏറ്റവും മനോഹരമായ ഓര്‍മ മെസി തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം മെസി യൊഹാന്‍ ക്രൈഫിന്റേയും സാക്ഷാല്‍ ഡീഗോ മറഡോണയുടെയും മിക്‌സാണ്. ലാ മാസിയയില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മിശിഹയാണ് അദ്ദേഹം. ബാഴ്‌സലോണ ആരാധകര്‍ ഭാഗ്യവാന്മാരാണ്. അവര്‍ ക്രൈഫ്, മറഡോണ, റിവാള്‍ഡോ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നിവരെയൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഏറ്റവും ബെസ്റ്റ് മെസിയാണ്,’ ലപോര്‍ട്ട പറഞ്ഞു.

മെസിയെ തിരികെ കൊണ്ടുവരാന്‍ ബാഴ്സലോണ വീണ്ടും ശ്രമിക്കുകയാണെന്നും തിരിച്ചുവരവിന് സാധ്യമായതെല്ലാം ചെയ്യുകയാണെന്നും സി.ബി.എസ് സ്‌പോര്‍ട്ടിനോട് ലപോര്‍ട്ട നേരത്തെ പറഞ്ഞിരുന്നു. ‘മെസിയോട് എനിക്ക് ധാര്‍മികമായ കടപ്പാട് തോന്നുന്നു. അവന്‍ മികച്ച കളിക്കാരനാണ്. ഞങ്ങളുടെ ചരിത്രം, ബാഴ്സ ജേഴ്‌സിയില്‍ അവന്റെ കരിയറിന്റെ ഏറ്റവും മികച്ച അന്ത്യം ഉറപ്പാക്കാന്‍ ഞാന്‍ എന്റെ പരമാവധി ചെയ്യും,’ എന്നും ലപോര്‍ട്ട പറഞ്ഞിരുന്നു.

ലയണല്‍ മെസിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായിട്ടുണ്ടെന്നും പ്രിയതാരത്തെ തിരികെയെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും ബാഴ്‌സ തലവന്‍ നേരത്ത ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

പി.എസ്.ജിയുമായുള്ള കരാര്‍ ജൂണ്‍ 30ന് അവസാനിക്കുന്നതോടെ ലയണല്‍ മെസ്സിക്ക് ഒടുവില്‍ ബാഴ്സലോണയിലേക്ക് മടങ്ങാനാകുമെന്നാണ് ക്ലബ്ബ് കരുതുന്നത്. ലാ ലിഗയുടെ സാമ്പത്തിക നിയമങ്ങളുമായി ക്ലബിന് ഒരു ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ 2022 ഓഗസ്റ്റിലാണ് മെസി തന്റെ ബാല്യകാല ക്ലബ് വിട്ടത്.

മെസിയുടെ തിരിച്ചുവരവോടെ എല്ലാ കക്ഷികള്‍ക്കും ലാഭം വര്‍ധിക്കുമെന്ന തരത്തിലുള്ള ഒരു ആഭ്യന്തര സാമ്പത്തിക റിപ്പോര്‍ട്ടും ക്ലബ്ബ് അടുത്തിടെ പുറത്തുവിട്ടിരുന്നു. എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രോ പരേഡസ് എന്നിവര്‍ക്കൊപ്പം മെസി ബാഴ്‌സയില്‍ ചേരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട് എന്നാണ് സ്പാനിഷ് ദിനപത്രമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

content highlights: He was like the Messiah, Mixture of Cruyff and Maradona: Laporta

Latest Stories

We use cookies to give you the best possible experience. Learn more