| Tuesday, 25th October 2022, 7:06 pm

ആര് പറഞ്ഞു കോഹ്ലിയുടേതാണ് മികച്ച ഇന്നിങ്സെന്ന്, പഴയ താരങ്ങളെയൊക്കെ മറന്നോ; പ്രതികരണവുമായി മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ടി-20 ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ വിജയിക്കുകയായിരുന്നു.

തോൽവിയുറപ്പിച്ചിടത്ത് നിന്നുമാണ് ഇന്ത്യ വിജയത്തിലേക്ക് കുതിച്ച് കയറിയത്. പാകിസ്ഥാൻ ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിൽ മറികടന്നായിരുന്നു ഇന്ത്യ വിജയം കുറിച്ചത്.

ഇന്ത്യൻ ടീമിന്റെ മുൻ നിര താരങ്ങളെല്ലാം തന്നെ പെട്ടെന്ന് കൂടാരം കയറിയപ്പോൾ ഇന്ത്യയുടെ വിജയനായകനായത് മുൻ നായകൻ വിരാട് കോഹ്‌ലിയായിരുന്നു.

53 പന്തിൽ 82 റൺസ് നേടിയ വിരാട് കോഹ്ലിയാണ് കളിയിൽ നിറഞ്ഞാടിയത്. ടി-20 ലോകകപ്പിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ആണ് ഇതെന്ന് എന്ന് പലരും വിശേഷിപ്പിച്ചിരുന്നു.

എന്നാൽ ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറും, മുൻ ഇന്ത്യൻ ബാറ്റിങ് കോച്ചുമായ സഞ്ജയ് ബാംഗർ.

ടി-20 ലോകകപ്പിൽ ഒരു ഇന്ത്യക്കാരന്റെ എക്കാലത്തെയും മികച്ച ഇന്നിങ്‌സ് വിരാട് കോഹ്ലി പാകിസ്ഥാനെതിരെയോ ഓസ്ട്രേലിയയ്ക്കെതിരെയോ നേടിയത് അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

2007 ലോകകപ്പിന്റെ സെമിഫൈനലിൽ ഓസ്ട്രേലിയക്കെതരെ യുവരാജ് സിങ്ങ് നേടിയ ഇന്നിങ്സിനോളം വരില്ല കോഹ് ലിയുടെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 30 പന്തിൽ 70 റൺസാണ് യുവരാ‍‍‍ജ് അന്ന് നേടിയതെന്നും ബാം​ഗർ ഓർമപ്പെടുത്തി.

2014 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ നടന്ന മത്സരത്തിലെ പ്രകടനമായിരുന്നു ഇതിന് മുൻപ് ടി-20യിലെ വിരാടിന്റെ മികച്ച ഇന്നിങ്‌സ്.

2007ലെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യ എട്ട് ഓവറിൽ 41 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ വീരേന്ദർ സെവാഗിനെയും ഗൗതം ഗംഭീറിനെയും നഷ്ടമായതിനാൽ ഇന്ത്യക്ക് ഇന്നിങ്‌സിന് മികച്ച തുടക്കം ലഭിച്ചില്ല.

തുടർന്ന് യുവരാജ് സിങ്ങും റോബിൻ ഉത്തപ്പയും ചേർന്ന് 81 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 30 പന്തിൽ നിന്ന് അ‍ഞ്ച് ഫോറും അഞ്ച് സിക്സും സഹിതം 70 റൺസ് അടിച്ചെടുത്ത യുവരാജ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

Content Highlights: former indian player speaks about kohli’s innings

We use cookies to give you the best possible experience. Learn more