കോട്ടയം: വിദ്വേഷ പ്രചരണത്തിന് പിന്നാലെ ഈഴവ സമുദായത്തോട് മാപ്പ് ചോദിച്ച് സിറിയന്‍ കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണന്‍ചിറ.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്നായിരുന്നു റോയി കണ്ണന്‍ചിറയുടെ ആരോപണം. സംഭവം വിവാദമായതോടെയാണ് ഖേദപ്രകടനവുമായി വൈദികന്‍ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളുടെ അടുത്ത് നിരവധി മാതാപിതാക്കള്‍ മക്കള്‍ അവരെ തള്ളിപ്പറഞ്ഞ് ചിലരോടൊപ്പം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തിയിരുന്നെന്നും കുടുംബ ഭദ്രത നിലനില്‍ക്കണമെങ്കില്‍ വിശ്വാസ ഭദ്രത അനിവാര്യമാണെന്നും ഈ അനുഭവം പങ്കുവെക്കുന്നതിനിടയിലാണ് അടുത്തകാലത്തെ ചില അനുഭവങ്ങളും പറഞ്ഞതെന്നാണ് റോയ് കണ്ണന്‍ചിറ പറയുന്നത്.
”കഴിഞ്ഞ ദിവസം വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട ചിന്തകള്‍ പങ്കുവെക്കുന്ന സമയത്ത്, ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇടവന്നു. അങ്ങനെ സംസാരിക്കുവാന്‍ കാരണമായത്, ഞങ്ങള്‍ വൈദികരുടെ അടുത്ത് നിരവധി മാതാപിതാക്കള്‍ മക്കള്‍ അവരെ തള്ളിപ്പറഞ്ഞു ചിലരോടൊപ്പം ഇറങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവര്‍ നമ്മുടെ മുന്നില്‍ വന്ന് വേദന പങ്കുവെക്കുമ്പോള്‍, കരയുമ്പോള്‍ ആ ഒരു ദുരന്തം ഒത്തിരി കുടുംബങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്നതായി വ്യക്തമായി. ഇത്തരത്തില്‍ കുടുംബ ഭദ്രതയെ തകര്‍ക്കുന്ന സംഭവങ്ങളില്‍ നിന്ന് പിന്തിരിയാന്‍ പുതിയ തലമുറയെ പഠിപ്പിക്കാനുള്ള കര്‍ത്തവ്യം വൈദികരായ ഞങ്ങളില്‍ അര്‍പ്പിതമാണ്.
കുടുംബ ഭദ്രത നിലനില്‍ക്കണമെങ്കില്‍ വിശ്വാസ ഭദ്രത അനിവാര്യമാണ്. ഈ അനുഭവം പങ്കുവെക്കുന്നതിനിടയിലാണ് അടുത്തകാലത്തെ ചില അനുഭവങ്ങളും പറഞ്ഞത്. ഇതില്‍ ഈഴവ സമുദായത്തിലെ ചില ചെറുപ്പക്കാരുടെ പരിശ്രമത്തെക്കുറിച്ചും പറഞ്ഞിരുന്നു,” റോയ് കണ്ണന്‍ചിറ പറഞ്ഞു.
തന്റെ പരാമര്‍ശം പ്രിയ്യപ്പെട്ട ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് വ്യക്തമായെന്നും താന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണെന്നും എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായെന്നും റോയ് കണ്ണന്‍ചിറ പറഞ്ഞു.
” എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു മാപ്പ് ചോദിക്കുന്നു. കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” റോയ് കണ്ണന്‍ചിറ
മാപ്പു ചോദിച്ചുകൊണ്ടുപറഞ്ഞു.
ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ശക്തമാകുന്നതിനിടെയാണ് ഇയാള്‍ വിദ്വേഷ പ്രചരണവുമായി രംഗത്ത് എത്തിയത്.
ശനിയാഴ്ച ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് ഈഴവ ഗൂഢാലോചന ഉണ്ടെന്ന് ഫാദര്‍ റോയ് കണ്ണന്‍ചിറ ആരോപിച്ചത്.
‘കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ല’ എന്നുമാണ് ഫാദര്‍ റോയ് കണ്ണന്‍ചിറ ക്ലാസില്‍ പറഞ്ഞത്.
2003 മുതല്‍ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാദര്‍ റോയി കണ്ണന്‍ചിറ. കൊച്ചേട്ടന്‍ എന്ന പേരില്‍ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയില്‍ റോയ് കണ്ണന്‍ചിറ കൈകാര്യം ചെയ്യുന്നുണ്ട്.
കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റര്‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ എന്നീ ചുമതലകളും ഇയാള്‍ വഹിക്കുന്നുണ്ട്.