| Saturday, 25th March 2023, 8:29 pm

'വാട്‌സ് ആപ്പിലൂടെ മതനിന്ദ പ്രചരിപ്പിച്ചു'; പാക്കിസ്ഥാനില്‍ വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെഷവാര്‍: വാട്‌സ് ആപ്പിലൂടെ മതനിന്ദ പ്രചരിപ്പിച്ചു എന്നാരോപിച്ച് പാക്കിസ്ഥാനില്‍ ഒരാളെ വധശിക്ഷക്ക് വിധിച്ചു. വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒരു ഭീകര വിരുദ്ധ കോടതിയാണ് സയീദ് മുഹമ്മദ് സീഷാന്‍ എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്. 12 ലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്. മതനിന്ദ പാക്കിസ്ഥാനില്‍ ഗുരുതരമായ കുറ്റമാണ്.

പ്രിവന്‍ഷന്‍ ഓഫ് ഇലക്ട്രോണിക് ക്രൈംസ് ആക്ട്, ആന്‌റി ടെററിസ്റ്റ് ആക്ട് എന്നിവ ചുമത്തിയാണ് സയീദിനെ അറസ്റ്റ് ചെയ്തത്.

സയീദിന് അപ്പീല്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എ.എഫ്.പിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ മതനിന്ദാപരമായ സന്ദേശം പങ്കുവെച്ചു എന്ന പേരില്‍ മാര്‍ദാന്‍ സ്വദേശിയായ സയീദിനെതിരെ രണ്ട് വര്‍ഷം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പഞ്ചാബ് പ്രവിശ്യയിലെ തലാഗാങ് സ്വദേശിയുടെ പരാതിയിലായിരുന്നു കേസ്. ഇസ്‌ലാമിലെ വിശുദ്ധരായ വ്യക്തികള്‍ക്കെതിരെ വിദ്വേഷപരമായ പരാമര്‍ശങ്ങളും സയീദ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ടെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സയീദിന്റെ ഫോണും സിം കാര്‍ഡും അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തതായും, ഫോണിന്റെ ഫോറന്‍സിക് പരിശോധനാ ഫലം സയീദിനെതിരാണെന്നും പരാതിക്കാരനായി ഹാജരായ അഡ്വക്കറ്റ് ഇബ്രാര്‍ ഹുസൈന്‍ പറഞ്ഞു.

പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ-നിയമസഹായ സംഘടനയായ നാഷണല്‍ കമ്മീഷന്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 20 വര്‍ഷത്തിനിടെ 1534 പേര്‍ക്കെതിരെയാണ് ദൈവനിന്ദ കുറ്റമാരോപിച്ച് കേസെടുത്തിട്ടുള്ളത്. ഇതില്‍ 774 പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരും 760 പേര്‍ ഇതര മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരുമാണ്.

Content Highlights:‘Blasphemy spread through WhatsApp’; Death penalty in Pakistan

We use cookies to give you the best possible experience. Learn more