ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ ആള്‍ക്കൂട്ടം മണിപ്പൂര്‍ റൈഫിള്‍സിന്റെയും ഐ.ആര്‍.ബിയുടെയും ആയുധപ്പുരകളില്‍ നിന്ന് ആയിരത്തിലധികം ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവമെന്നും ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു.
ഖബെയ്‌സോയിയിലെ 7 മണിപ്പൂര്‍ റൈഫിള്‍സ്, ദൂലഹാനെയിലെ രണ്ടാം മണിപ്പൂര്‍ റൈഫിള്‍, തൗബാലിലെ മൂന്നാം ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളിലെ ആയുധപ്പുരകളില്‍ നിന്നാണ് ജനക്കൂട്ടം വന്‍തോതില്‍ ആയുധങ്ങള്‍ കവര്‍ന്നതെന്നാണ് വിവരം.
ഇതിന് പുറമെ കഴിഞ്ഞ ദിവസം ബി.ജെ.പി എം.എല്‍.എയുടെ വീട് കൊള്ളയടിക്കുകയും, ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് മുപ്പതിലേറെ കുക്കി അക്രമകാരികളെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.
സുരക്ഷാ സേനയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കഡങ്ബന്ദ്, സിങ്ദ പ്രദേശങ്ങളില്‍ കുക്കി സായുധസേനയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ശനിയാഴ്ച രാത്രി കാക്ചിങ് ജില്ലയിലെ സുഗ്നുവിനടുത്തുള്ള മൂന്നോളം ഗ്രാമങ്ങലിലെ 200ഓളം വീടുകളും അക്രമികള്‍ അഗ്നിക്കിരയാക്കി.
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച് ചേര്‍ത്ത യോഗങ്ങള്‍ പുരോഗമിക്കുകയാണ്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ ഇംഫാലില്‍ എത്തിയ അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ ഒന്ന് വരെ ഷാ ഇംഫാലില്‍ ഉണ്ടാകും.
അമിത് ഷാ ഇന്നലെ കുക്കി സമുദായ പ്രതിനിധികളുമായും മിസോറമില്‍ നിന്നുള്ള സി.എസ്.ഒ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രി നിത്യാനന്ദ റായ്, ആഭ്യന്തരവകുപ്പ് സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് മേധാവി തപന്‍ ദേക എന്നിവരും ഇംഫാലില്‍ എത്തിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷങ്ങളെ നിയന്ത്രിക്കുന്നതിനാണ് യോഗം പ്രത്യേക ശ്രദ്ധ നല്‍കിയത്.
Content Highlights: Amit Shah chairs high-level meeting in Manipur over violence in the State