ക്രിക്കറ്റിലേക്ക് തിരികെ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വീണ്ടും മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡി വില്ലിയേഴ്‌സ്. ഇപ്പോഴും തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്നും പ്രതിഭക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും മുന്‍ ആര്‍.സി.ബി താരം പറഞ്ഞു.
ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം അദ്ദേഹം വ്യക്തമാക്കിയത്. മടങ്ങിയെത്തിയാല്‍ വിരാട് കോഹ്‌ലിക്കും സൂര്യകുമാര്‍ യാദവിനുമൊപ്പം മികച്ച ക്രിക്കറ്റ് കളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഡി വില്ലിയേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഇത് അത്ര എളുപ്പമായിരിക്കില്ലെന്നും തന്റെ കരിയറിന്റെ അവസാനമായിട്ടില്ലെന്നും താരം പറഞ്ഞു.
‘തീര്‍ച്ചയായും എനിക്ക് ഇപ്പോഴും കളിക്കാനാവും. എന്നാല്‍ പഴയ പോലെയുള്ള ആഗ്രഹം ഇപ്പോഴില്ല. എല്ലായ്‌പ്പോഴും മികച്ചതായിരിക്കുക എന്നതാണ് എന്റെ സ്വപ്നം. തിരിച്ചെത്തിയാല്‍ ഞാന്‍ മികച്ചവനായിരിക്കാന്‍ ആഗ്രഹിക്കുന്നു. സൂര്യ കുമാര്‍ യാദവിനോടും കോഹ്‌ലിയോടും മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
എന്റെ കരിയറിന്റെ അവസാനത്തില്‍ ഞാന്‍ വേണ്ടത്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നറിയാം. അതായിരുന്നു പ്രധാന കാര്യം എന്ന് മനസിലാക്കുന്നു. ഇംപാക്റ്റ് പ്ലെയര്‍ സംവിധാനം ഉപയോഗിച്ച് ധാരാളം ആളുകള്‍ മാച്ച് ആസ്വദിക്കുന്നുണ്ട്. ഇത് കളിക്കാരുടെ കരിയര്‍ നീട്ടാന്‍ സഹായിക്കും.
എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരിക്കലും എനിക്ക് ചെയ്യാനാകില്ല. എനിക്ക് ഒരിക്കലും വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം മാത്രം കളിക്കാന്‍ കഴിയില്ല. കാരണം എന്റെ ഉള്ളില്‍ ലോകത്തിലെ ഏറ്റവും മികച്ചവനാകണം എന്നൊരു ചിന്തയുണ്ട്. വര്‍ഷത്തില്‍ മൂന്ന് മാസം മാത്രം കളിച്ചാല്‍ നിങ്ങള്‍ക്ക് അങ്ങനെയാകാന്‍ കഴിയില്ല. ഒമ്പത് മാസം വരെയെങ്കിലും പരിശീലിക്കണം.
ലോകത്തിലെ ഏറ്റവും മികച്ചതാവണമെന്ന ആഗ്രഹം ഉള്ളില്‍ നിന്ന് പോയതോടെ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് തോന്നി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇക്കാര്യം ഓര്‍ക്കാന്‍ തന്നെ പ്രയാസമായിരുന്നു. എനിക്കിപ്പോഴും എവിടെയും എന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് പുറത്തെടുക്കാനാകും. പക്ഷേ എനിക്കത് ചെയ്യാന്‍ താല്‍പര്യമില്ല. എനിക്ക് ഏറ്റവും മികച്ചവനാകണം,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.
2021ലാണ് ദക്ഷിണാഫ്രിക്കന്‍ താരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 15 വര്‍ഷത്തെ കരിയറില്‍ ഡി വില്ലിയേഴ്‌സ് മൂന്ന് തവണ ഐ.സി.സിയുടെ ഏകദിന പ്ലെയര്‍ ഓഫ് ദി ഇയറായി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം.
ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ടി20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 8765 റണ്‍സും ഏകദിനത്തില്‍ 9577 റണ്‍സും ടി20 യില്‍ 1672 റണ്‍സും നേടിയിട്ടുണ്ട്. 176 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയടക്കം 5056 റണ്‍സും ഇതിഹാസ താരം നേടിയിട്ടുണ്ട്.
ഏകദിനത്തിലെ വേഗത്തിലുള്ള ഫിഫ്റ്റി, സെഞ്ച്വറി, 150 എന്നിവയും ഡി വില്ലിയേഴ്‌സിന്റെ പേരിലാണ്. ടെസ്റ്റില്‍ വേഗത്തിലുള്ള ഇരട്ട സെഞ്ച്വറിയും അദ്ദേഹത്തിന്റ പേരിലാണുള്ളത്.
Content Highlights: AB Devilliers wants to play with kohli and surya