പാലക്കാട്: പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് നഗരത്തില്‍ ബാലനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നതെന്നും ബാലന്‍ പറഞ്ഞു. ചില പേരുകള്‍ കേള്‍ക്കും , പിന്നീട് മാറും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താം തീയതി പി.ബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികളാണെന്ന് ബാലന്‍ പറഞ്ഞു.
പി.കെ ജമീലയെ തരൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനിടെയാണ് എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. തരൂരിനൊപ്പം മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലിയും പാലക്കാട് സി.പി.ഐ.എമ്മില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: A.K Balan’s Response On Palakkadissue