| Saturday, 18th November 2023, 5:30 pm

ആയിരം ഫലസ്തീനി കുട്ടികളെ സ്വീകരിക്കാനൊരുങ്ങി യു.എ.ഇ ; ആദ്യ വിമാനം അബുദാബിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ ന്യാഹന്റെ നിര്‍ദേശപ്രകാരം അടിയന്തര ചികിത്സ ആവശ്യമുള്ള ആയിരം ഫലസ്തീനി കുട്ടികളെ സ്വീകരിക്കാനൊരുങ്ങി യു.എ.ഇ. ഇതിന്റെ ഭാഗമായി കുട്ടികളും അവരുടെ കുടുംബവും ഉള്‍പ്പടെ 15 പേരുമായി ആദ്യ വിമാനം യു.എ.ഇയിലെത്തി.

ഈജിപ്തിലെ അല്‍ അരിഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലാന്‍ഡ് ചെയ്തു. ഗുരുതരമായ പരിക്കുകളും പൊള്ളലുകളും ഉള്ളവരും ക്യാന്‍സര്‍ രോഗികളും ഉള്‍പ്പെടെ അടിയന്തര വൈദ്യസഹായ ആവശ്യമുള്ള ആയിരം കുട്ടികളെയാണ് യു.എ.ഇ സ്വീകരിക്കുന്നത്.

‘എല്ലാ മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ ജീവനക്കാരും യു.എ.ഇ ആശുപത്രികളും ശേഷിക്കുന്ന കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും സ്വീകരിക്കാനും അവര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്രമായ ചികിത്സയും പ്രത്യേക സേവനങ്ങളും നല്‍കാന്‍ തയ്യാറാണ്. മടങ്ങി പോകുന്നതിിന് മുമ്പ് കുട്ടികളെ പൂര്‍ണ ആരോഗ്യവാന്‍മാരാക്കാന്‍ സജ്ജരാണ്,’ സഹ ആരോഗ്യമന്ത്രി മഹാ ബറാക്കത്ത് പറഞ്ഞു.

‘സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം യു.എ.ഇ ഉടന്‍ തന്നെ ഗസയിലേക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ എത്തിച്ചു. യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ ന്യാഹാന്‍ 20 മില്യണ്‍ യു.എസ് ഡോളറിന്റെ മാനുഷിക സഹായ പാക്കേജ് അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കി.’ഗാലന്റ് നൈറ്റ് 3′ ഓപ്പറേഷന്റെ ഭാഗമായി ഗസ മുനമ്പില്‍ ഒരു സംയോജിത ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കാനും അദ്ദേഹം ഉത്തരവിട്ടു,’ അവര്‍ പറഞ്ഞു.

യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം പോലുള്ള അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് ഗസ മുനമ്പില്‍ സഹായം നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 1400 ടണ്‍ ഭക്ഷണം, മെഡിക്കല്‍, ദുരിതാശ്വാസ സാമഗ്രികള്‍ എന്നിവ വഹിക്കുന്ന 51 വിമാനങ്ങള്‍ യു.എ.ഇ അയച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

content highlight :  UAE welcomes first plane as part of mission to host 1,000 Palestinian children

 

We use cookies to give you the best possible experience. Learn more