| Friday, 23rd June 2023, 8:59 am

ജാതി, മതം, ലിംഗഭേദത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഒരു വിവേചനവുമില്ല; യു.എസിലെ വാര്‍ത്താസമ്മേളനത്തില്‍ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയില്‍ എല്ലാവരും ജനാധിപത്യം അനുഭവിക്കുന്നുണ്ടെന്നും ജാതി, മതം, ലിംഗഭേദം എന്നിവയുടെ പേരില്‍ യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . യു.എസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കാനും തയ്യാറായെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിലും യു.എസിലും ജനാധിപത്യം അവരുടെ രക്തത്തിലുള്ളതാണ്. അവ ഭരണഘടനയില്‍ ഉറപ്പ് നല്‍കുന്നതാണ്. ഞങ്ങള്‍ ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ അംഗീകരിച്ചാല്‍ വിവേചനത്തെ കുറിച്ച് ഒരു ചോദ്യവുണ്ടാകില്ല,’ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നത് ഇന്ത്യയില്‍ ജനാധിപത്യമുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യമൂല്യങ്ങളെ കുറിച്ച് തങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തിയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു. ഇന്ത്യയും യു.എസും ഇക്കാര്യത്തില്‍ എല്ലാം തികഞ്ഞവരല്ലെന്നും ഈ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളും പരിഹാരം കാണേണ്ടതുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതാണ് ഇന്ത്യ-യു.എസ് ബന്ധത്തെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതസ്വാതന്ത്ര്യത്തെയും വൈവിധ്യത്തെയും കുറിച്ച് ബൈഡന്‍ സംസാരിച്ചു. ‘സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, മത ബഹുസ്വരത, ആളുകളുടെ വൈവിധ്യം എന്നിവ ചരിത്രത്തിലുടനീളം പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെങ്കിലും പിന്നീട് വികസിച്ചവയാണ്’ ബൈഡന്‍ പറഞ്ഞു.

‘ഇരു രാജ്യങ്ങളും അവരുടെ വൈവിധ്യത്തില്‍ അഭിമാനിക്കുന്നു. എല്ലാവരുടെയും ക്ഷേമത്തിനായുള്ള അടിസ്ഥാന തത്ത്വത്തില്‍ വിശ്വസിക്കുന്നു’, മോദിയും പറഞ്ഞു.

അതേസമയം, മോദിയോട് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ 75 സെനറ്റര്‍മാരും ജനപ്രതിനിധി സഭയിലെ അംഗങ്ങളും ബൈഡനോട് ആവശ്യപ്പെട്ടതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നരേന്ദ്ര മോദിയുടെ വലതുപക്ഷ സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം കണ്ണടച്ചതായി അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു.

യു.എസ് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും 75ഓളം നിയമസഭാംഗങ്ങള്‍ ഒപ്പിട്ട കത്ത് ചൊവ്വാഴ്ച ബൈഡന് അയച്ചിരുന്നു. മത സ്വാതന്ത്ര്യത്തെയും പൗര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഇന്ത്യയുടെ കണക്കുകള്‍ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്ന് ഏതാനും ഡെമോക്രാറ്റിക് അംഗങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിനോട് നിര്‍ദേശിച്ചിരുന്നു.

Content Highlight: there is no discrimination in india: Modi

Latest Stories

We use cookies to give you the best possible experience. Learn more