| Wednesday, 18th September 2024, 8:26 pm

തവനൂര്‍-തിരുനാവായ പാലം മുടക്കിയ ആള്‍ എന്ന് ചരിത്രം ഇ. ശ്രീധരനെ വിലയിരുത്തും: തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാനി: ഭാരതപ്പുഴയുടെ കുറുകെ നിര്‍മിക്കുന്ന തിരുനാവായ-തവനൂര്‍ പാലത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച മെട്രോമാനും ബി.ജെ.പി നേതാവുമായ ഇ. ശ്രീധരനെതിരെ സംസാരിച്ച തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുവിന്റെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

നാടിന്റെ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശ്രീധരന്റെ നിലപാടിനെതിരെ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞ ബാബു നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്നാലാകും വിധം ഇടപെടുക എന്നത് ഒരു ജനപ്രതിനധിയുടെ ഉത്തരവാദിത്തമാണെന്നും ശ്രീധരനോട് പറയുന്നുണ്ട്. ഇരുവരും സംസാരിക്കുന്ന വീഡിയോ നിലവില്‍ സാമുഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

നിര്‍മാണം ആരംഭിക്കാനിരിക്കുന്ന പ്രദേശം സന്ദര്‍ശിക്കുന്ന ഇ. ശ്രീധരനെ തടഞ്ഞ് നിര്‍ത്തി കൈകൂപ്പി നില്‍ക്കുന്ന രീതിയില്‍ നിന്നുകൊണ്ടാണ് ബാബു സംസാരിക്കുന്നത്. താന്‍ ഇ. ശ്രീധരനെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞ ബാബു നിലവില്‍ പറഞ്ഞ അലൈന്‍മെന്റ് പ്രകാരമല്ലാതെ മറ്റൊരു രീതിയില്‍ നിര്‍മാണം ആരംഭിച്ചാല്‍ ഈ പദ്ധതി ഒരിക്കലും പൂര്‍ത്തിയാകില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഭാരതപ്പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ അലൈന്‍മെന്റ് തിരുനാവായയിലെ ഹിന്ദു ആരാധനാലയങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവിലെ അലൈന്‍മെന്റുകള്‍ പ്രകാരം ക്ഷേത്രഭൂമി ആവശ്യമില്ലെന്നും കേളപ്പജി സ്മാരകത്തിനെയും ബാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ താന്‍ നിര്‍ദേശിച്ച അലൈന്‍മെന്റ് പ്രകാരം പാലം നിര്‍മിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ചെലവ് കുറയുമെന്നും ശ്രീധരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭാരതപ്പുഴയുടെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന സ്ഥിരസംവിധാനം ഇല്ലാത്ത സാഹചര്യത്തിലാണ് 2010ലെ ബജറ്റില്‍ പാലം നിര്‍മിക്കാനുള്ള തുക അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിക്കുന്നത്.

എന്നാല്‍ സ്ഥലമേറ്റെടുപ്പ് പല കാരണങ്ങളാല്‍ വെകിയതോടെ പദ്ധതി നീണ്ടുപോവുകയായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് 48.83 കോടി രൂപക്ക് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

Content Highlight: Tavanur Panchayat President says history will be portrays E. Sreedharan as the man who blocked the Tavanur-Thirunavaya bridge 

We use cookies to give you the best possible experience. Learn more