| Wednesday, 26th August 2020, 4:23 pm

'സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിലെ സുരക്ഷാ വീഴ്ച; 'കെ. സുരേന്ദ്രനെതിരെ അന്വേഷണത്തിന് മന്ത്രിസഭാ യോഗതീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഉടന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നതില്‍ അന്വേഷണത്തിന് മന്ത്രിസഭാതീരുമാനം.

തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സുരേന്ദ്രന്‍ താമസിക്കുന്നത് സെക്രട്ടറിയേറ്റില്‍ നിന്നും വളരെ ദൂരെയാണ്. അവിടെ നിന്നും ഇത്ര പെട്ടെന്ന് അദ്ദേഹം എങ്ങനെ എത്തിയെന്ന ചോദ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്.

തീപിടിത്തമുണ്ടായതറിഞ്ഞ് സെക്രട്ടറിയേറ്റിന് തൊട്ടടുത്തായുള്ള ഓഫീസിലുള്ള ചീഫ് സെക്രട്ടറി അവിടേക്ക് എത്തുമ്പോള്‍ കാണുന്നത് സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതാണ്. ഇക്കാര്യം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുരേന്ദ്രനൊപ്പം ജില്ലാ പാര്‍ട്ടി ഭാരവാഹികളും ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

സന്ദര്‍ശനസമയം കഴിഞ്ഞ് ഗേറ്റ് അടച്ച സാഹചര്യമായിട്ട് കൂടി എങ്ങനെ സുരേന്ദ്രന്‍ അകത്തുകടന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് അന്വേഷണമുണ്ടാകുകയെന്നാണ് സൂചന.

തീപിടിത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്ന് അന്വേഷണ സംഘം പ്രാഥമികമായി വിലയിരുത്തിയിരുന്നു. എന്നാല്‍ ഒരു നിഗമനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങളെ കണ്ട് സംസാരിച്ച സുരേന്ദ്രന്റെ നടപടിയും സംശയാസ്പദമാണെന്നാണ് യോഗം വിലയിരുത്തിയത്.

അതേസമയം സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ സമയോചിതമായ ഇടപെടല്‍ നടത്തിയ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ അഭിനന്ദിച്ചു. ചീഫ് സെക്രട്ടറി ജാഗ്രതയോടെ ഇടപെട്ടെന്നും സംഘാര്‍ഷവസ്ഥ ഉണ്ടാവാതിരുന്നത് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ മൂലമാണെന്നും മന്ത്രിസഭ പറഞ്ഞു.

അതേസമയം സെക്രട്ടേറിയറ്റിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് മന്ത്രിസഭ വിലയിരുത്തി. കാലോചിതമായ പരിഷ്‌കാരം അനിവാര്യമെന്നും വിലയിരുത്തലുണ്ടായി.

ഇതിനിടെ, സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകളാണ് കത്തിയതെന്നാണ് എഫ്.ഐ.ആര്‍. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകര്‍പ്പും നശിച്ചു.

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ടാണെന്നാണ് വിദഗ്ധസംഘത്തിന്റെ പ്രാഥമികനിഗമനം. ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശിഗിന്റെ നേതൃത്വത്തിലെ സംഘം അട്ടിമറി സാധ്യതയുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: Security breach in Secretariate fire; Cabinet decides to probe against k Surendran

We use cookies to give you the best possible experience. Learn more