ന്യൂദല്‍ഹി: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയാന്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുന്നത്.
സുതാര്യമായ ഉത്തരവാദിത്തത്തിന്റേയും പങ്കാളിത്ത ജനാധിപത്യത്തിന്റേയും അടിസ്ഥാനത്തില്‍ വന്ന പാര്‍ട്ടി അധികാരം ലഭിച്ചയുടനെ ഇതെല്ലാം മറന്നു. ഇപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിഴ ചുമത്താനുള്ള തിരക്കിലാണ് പാര്‍ട്ടിയെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു പരാമര്‍ശം.
‘ സുതാര്യമായ ഉത്തരവാദത്തിന്റേയും പങ്കാളിത്ത ജനാധിപത്യത്തിന്റേയും അടിസ്ഥാനത്തില്‍ വന്ന ഒരു പാര്‍ട്ടി. അധികാരം ലഭിച്ചയുടനെ സുതാര്യതയും, ഉത്തരവാദിത്തവും എല്ലാം മറന്നു. ഇപ്പോള്‍ തങ്ങളെ വിമര്‍ശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിഴ ചുമത്താന്‍ ധൃതിപ്പെടുന്നു. ഇതാണ് പഞ്ചാബിലെ ആപ് സര്‍ക്കാര്‍,’ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാര്‍ നയങ്ങളെ സര്‍ക്കാര്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നുവെന്നും ഇത് നിരീക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമാണ് ആപ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നത്. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ പങ്കുവെക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറണം. ശേഷം കുറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ച വിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ക്കെതിരായ അധ്യാപകരുടെ പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിന് അധ്യാപകരാണ് സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. എയ്ഡഡ് കോളേജുകളുടെ ഗ്രാന്റ് സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
മുന്‍ സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വിരുദ്ധ നയങ്ങള്‍ കൊണ്ട് തകര്‍ച്ചയനുഭവിക്കുന്ന എയ്ഡഡ് കോളേജുകളുടെ ഗ്രാന്റ് വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കടുത്ത പ്രഹരമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഒരു സര്‍ക്കാരും അധ്യാപകരുടെ വിരമിക്കല്‍ പ്രായം വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച വിരമിക്കല്‍ പ്രായം 60 ആണ്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. വിദ്യാഭ്യാസ സൗഹൃദമെന്ന് സ്വയം വിശേഷിപ്പിക്കുന്ന മന്‍ സര്‍ക്കാര്‍ തെറ്റായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും പഞ്ചാബ് ആന്‍ഡ് ചണ്ഡിഗഡ് കോളേജ് ടീച്ചേഴ്‌സ് യൂണിയന്‍ (പി.സി.സി.ടി.യു) സംസ്ഥാന പ്രസിഡന്റ് ഡോ. വിനയ് സോഫത്ത് പ്രതികരിച്ചു.
പഞ്ചാബ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം യുവാക്കള്‍ വിദേശത്തേക്ക് പോകുകയാണെന്നും ഇത് സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ലെന്നും എക്‌സിക്യൂട്ടീവ് അംഗം ഡോ. രാമന്‍ ശര്‍മ പ്രതികരിച്ചു.
Content Highlight: Prashant Bhushan criticizes punjab aap says party forgot accountability once received power