|

ഞാനല്ല അവരാണ് എന്നെ സൃഷ്ടിച്ചത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ റെക്കോഡ് നേട്ടം സ്വന്തമാക്കികൊണ്ട് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തീയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്.

ഇന്ത്യന്‍ സിനിമയില്‍ മങ്ങിക്കൊണ്ടിരിക്കും എന്ന് കരുതപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരത്തെ കുറിച്ച് തനിക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍.
തന്റെ പുതിയ ചിത്രമായ എമ്പുരാന്‍ റിലീസിന് മുന്നോടിയായി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്.

സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ എന്നിവയെല്ലാം വെറും പദപ്രയോഗങ്ങള്‍ മാത്രമാണെന്നും അതെല്ലാം ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കുന്നതാണെന്നും നിരവധി സിനിമകളുടെ ഭാഗമാകാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

യുവതലമുറയില്‍ നിന്ന് തീര്‍ച്ചയായും മികച്ച അഭിനേതാക്കള്‍ ഉണ്ടാകുമെന്നും അവര്‍ക്ക് നല്ല തിരക്കഥയും, സംവിധായകരെയും, സഹപ്രവര്‍ത്തകരെയുമൊക്കെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരുപിടി മികച്ച സംവിധായകരുടെയും സഹപ്രവര്‍ത്തകരുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചുവെന്നും അവരാണ് തന്നെ സൃഷ്ട്ടിച്ചതെന്നും താനല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

‘ഇതൊക്കെ വെറും പദപ്രയോഗങ്ങള്‍ മാത്രമാണ്. മെഗാസ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍ എന്നിവയെല്ലാം പ്രേക്ഷകര്‍ നല്‍കുന്നതാണ്. നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഇപ്പോള്‍ അഞ്ഞൂറോളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ആളുകള്‍ക്ക് കഴിയുമോ എന്ന് എനിക്കറിയില്ല. ഇപ്പോള്‍ അത് അസാധ്യമാണ്, കാരണം സിനിമയുടെ ആകെത്തുക മാറിയിരിക്കുന്നു. സിനിമകളുടെ കാഴ്ചപ്പാടുകള്‍ മാറി. പണ്ട് ഹിറ്റുകളുടെ എണ്ണം ഒരു പ്രധാന ഘടകമായിരുന്നു. പിന്നെ പതിയെ ജനങ്ങള്‍ മെഗാസ്റ്റാര്‍ അല്ലെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാന്‍ തുടങ്ങും

യുവതലമുറയില്‍ നിന്ന് തീര്‍ച്ചയായും മികച്ച അഭിനേതാക്കള്‍ ഉണ്ടാകും. അവര്‍ക്ക് നല്ല തിരക്കഥകള്‍ ആവശ്യമാണ്. അവര്‍ക്ക് നല്ല സംവിധായകരെയും സഹപ്രവര്‍ത്തകരെയും ലഭിക്കണം. എനിക്ക് മികച്ച സംവിധായകരുടെയും, സഹതാരങ്ങളുടെയും കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അവരാണ് എന്നെ സൃഷ്ടിച്ചത് ഞാനല്ല,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight:  Mohanlal talks about  the fading superstar culture