| Sunday, 6th December 2020, 5:02 pm

സുവേന്തു അധികാരി ഞങ്ങള്‍ക്കൊപ്പം വന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പേ താഴെ വീഴും: ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരില്‍ നിന്നും രാജിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്തു അധികാരി ബി.ജെ.പിയിലെത്തിയാല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ താഴെ വീഴുമെന്ന് ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗ്. ‘സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഈ സര്‍ക്കാര്‍ താഴെവീഴും. കാരണം സുവേന്തുവിനൊപ്പം നിരവധി പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടും.’ അര്‍ജുന്‍ സിംഗ് പറഞ്ഞു.

നവംബര്‍ 27നാണ് ബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രി സുവേന്തു രാജിവെച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സുവേന്തുവും തൃണമൂലും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ വെക്കാതെയായിരുന്നു സുവേന്തു നിരവധി പരിപാടികള്‍ സംഘടിപ്പിച്ചതും പങ്കെടുത്തിരുന്നതും. പിന്നീടാണ് മന്ത്രിസ്ഥാനം രാജി വെക്കുന്നത്.

തൊട്ടുപിന്നാലെ സുവേന്തു ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതുവരെയും വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല. സുവേന്തുവിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തൃണമൂല്‍ നേതാവ് രജീബ് ബാനര്‍ജി രംഗത്ത് വന്നിരുന്നു. കഴിവുള്ളവരെയും നന്നായി പ്രവര്‍ത്തിക്കുന്നവരേയും തൃണമൂലില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും പ്രശംസിക്കുന്നവരെ മാത്രമാണ് വില കല്‍പ്പിക്കുന്നതെന്നും രജീബ് ബാനര്‍ജി ആരോപിച്ചു.

തനിക്ക് അങ്ങനെ കഴിയാത്തതിനാല്‍ പാര്‍ട്ടിയില്‍ തനിക്കുള്ള സ്‌കോര്‍ കുറവാണെന്നും സുവേന്തു അധികാരി പോയാല്‍ തൃണമൂലില്‍ ഒരു വലിയ ശൂന്യത സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നില്ല. അധികാരം ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് തൃണമൂലില്‍ സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുറന്നുപറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും നല്ലത് ചെയ്യുന്നത് മോശവും മോശം ചെയ്യുന്നത് നല്ലതായും കാണുന്ന അവസ്ഥയാണ് പാര്‍ട്ടിക്കകത്തെന്ന് രജീബ് ബാനര്‍ജി ആരോപിച്ചു.

തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നത് മമത ബാനര്‍ജിക്ക് തലവേദനയായിട്ടുണ്ട്. സുവേന്തു അധികാരിയുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി തൃണമൂല്‍ എം.പി സൗഗത റോയ് നേരത്തെ പ്രതികരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് സുവേന്തു അധികാരി ഒരു അടഞ്ഞ അധ്യായമായി എന്നാണ് സൗഗത റോയ് പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamata government will fall before Assembly polls if Suvendu Adhikari joins BJP

We use cookies to give you the best possible experience. Learn more