തിരുവനന്തപുരം: രാജ്യസഭാംഗത്വം രാജിവെച്ച ജോസ് കെ. മാണി വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് അദ്ദേഹം ജോസ് കെ. മാണിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
ജോസ് കെ.മാണിക്ക് അധികാരക്കൊതിയാണെന്നാണ് മേജര്‍ രവി പറയുന്നത്. അധികാരം മോഹിച്ചാണ് ജോസ് കെ. മാണി യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്കെത്തിയതെന്നും അസംബ്ലി തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടാത്തതിനാലാണ് വീണ്ടും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ചെലവഴിക്കുന്നത് താനടക്കമുള്ള ആളുകള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ചാണെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ക്കുന്നു.
‘അധികാരത്തിന് വേണ്ടി അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് വരുന്നു, ലോക്‌സഭ എം.പിയായിരിക്കുമ്പോള്‍ സ്ഥാനം രാജി വെച്ച് രാജ്യസഭാ എം.പിയാകുന്നു. പിന്നെ അവിടുന്നും രാജി വെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്‌സരിച്ച് തോല്‍ക്കുന്നു
പിന്നെ വീണ്ടും രാജ്യസഭാ എം.പിയായി മത്‌സരിക്കാനൊരുങ്ങുന്നു.
എനിക്ക് ഒന്ന് മാത്രമേ ചോദിക്കാനുള്ളൂ, ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്. നമ്മുടെ കാശല്ലേ ഇതിനൊക്കെ ചെലവഴിക്കുന്നത്. എന്തെങ്കിലും അധികാരം വേണം ഇവര്‍ക്ക്. എന്തെങ്കിലും അധികാരം എപ്പോഴും വേണം. ഷെയിം ഓണ്‍ യൂ ജോസ് കെ. മാണി. ദാറ്റ്‌സ് ഓള്‍ ഐ ഹാവ് റ്റു സേ നൗ,’ മേജര്‍ രവി പറയുന്നു.
ഗുരുവായൂരില്‍ പെരിങ്ങോട് ചന്ദ്രന്‍ എന്ന പഞ്ചവാദ്യ കലാകാരന്‍ ജാതിവിവേചനം അനുഭവിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും, പട്ടികജാതിക്കാരനായതിന്റെ പേരില്‍ ആ കലാകാരനോട് ജാതി വിവേചനം കാണിച്ചതാരായാലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടു.