| Thursday, 21st January 2021, 10:35 am

കെ.വി തോമസിനല്ല, യുവാക്കള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ പ്രാധാന്യം നല്‍കേണ്ടത്; വിമര്‍ശനവുമായി എം.എം ലോറന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും അല്ലാതെ കെ.വി തോമസിനല്ല പ്രാധാന്യം നല്‍കേണ്ടതെന്നും മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്.

പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ. വി തോമസ് ആലോചിക്കണമെന്നും എം.എം ലോറന്‍സ് പറഞ്ഞു. കെ.വി തോമസ് ആവശ്യപ്പെട്ട സ്ഥാനങ്ങള്‍ കോണ്‍ഗ്രസില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം സി.പി.ഐ.എമ്മുമായി സഹകരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ കെ.വി തോമസിനെ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് എം.എം ലോറന്‍സിന്റെ പ്രതികരണം.

കെ.വി തോമസിനേക്കാള്‍ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടതെന്ന് എം എം ലോറന്‍സ് പറഞ്ഞു.

ഇനിയും മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു.ഡി.എഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും എം.എം ലോറന്‍സ് അഭിപ്രായപ്പെട്ടു.

തോമസ് എല്‍ഡിഎഫിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എംഎം ലോറന്‍സ് പറഞ്ഞു.

ജനുവരി 23ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ണായകമായ ചില കാര്യങ്ങള്‍ പറയുമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് കാലങ്ങളായി തന്നോട് ചെയ്യുന്നതെന്താണെന്ന് വെളിപ്പെടുത്താനുള്ള നീക്കത്തില്‍ കൂടിയാണ് കെ.വി തോമസ് എന്നാണ് അറിയുന്നത്.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം മുന്നണി വിടാനാണ് കെ.വി തോമസിന്റെ നീക്കമെന്നാണ് സൂചന. വാഗ്ദാനം ചെയ്തിരുന്ന പാര്‍ട്ടി പദവിയും നല്‍കാതായതോടെയാണ് കെ.വി തോമസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

അതേസമയം കെ.വി തോമസ് പാര്‍ട്ടി വിട്ടേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും നേതാക്കളാരും അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. മാത്രമല്ല കെ.വി തോമസ് പാര്‍ട്ടി വിടുകയാണെങ്കില്‍ വിടട്ടെ എന്ന നിലപാടിലാണ് ചില നേതാക്കളെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ഇടതുമുന്നണിയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ കെ.വി തോമസ് വ്യക്തത വരുത്തിയിട്ടില്ലെങ്കിലും, അത്തരം ചര്‍ച്ചകള്‍ സജീവമാണ്. എല്‍.ഡി.എഫ് സ്വതന്ത്രനായി കെ.വി തോമസ് എറണാകുളത്ത് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാമെന്നായിരുന്നു കെ.വി തോമസിന്റെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് ഹൈബി ഈഡനായിരുന്നു ടിക്കറ്റ് നല്‍കിയത്. സീറ്റ് നിഷേധിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാര്‍ട്ടി പറയണമെന്നും ഇതിന് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് മാനദണ്ഡങ്ങളുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാന്‍ മാനദണ്ഡം കൊണ്ടുവരരുതെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷവും പാര്‍ട്ടിയില്‍ ചില സ്ഥാനങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M.M Lawrance against KV Thomas

Latest Stories

We use cookies to give you the best possible experience. Learn more