2014ലെ ലോക്സഭ തെരഞ്ഞെടുപ്പോടുകൂടിയാണ് പരമ്പരാഗത പ്രചരണ സംവിധാനങ്ങളില്‍ നിന്ന് മാറി രാജ്യം വ്യത്യസ്തമായ തരത്തില്‍ ഡിജിറ്റല്‍ പ്രചരണ രീതികളെ പരിചയപ്പെടുന്നത്. ഇന്ത്യന്‍ ജനതയുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിലുണ്ടായ വര്‍ധനവും വിവിധങ്ങളായ നവമാധ്യമങ്ങളുടെ കടന്നുവരവും 2019 ലെ പൊതുതെരഞ്ഞെടുപ്പെത്തിയപ്പോഴെക്കും ഡിജിറ്റല്‍ ആശയ പ്രചരണ സംവിധാനങ്ങള്‍ക്ക് വലിയ രീതിയിലുള്ള മേധാവിത്വം ഈ രംഗത്ത് ഉറപ്പിക്കുന്നതിനിടയാക്കി.
നിലവില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ഉപയോഗത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നത്. കൊവിഡ് ഉയര്‍ത്തിയ പ്രത്യേക സാഹചര്യം എല്ലാ പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്നും മാറി, പുതിയ രീതികള്‍ ആവിഷ്‌കരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങള്‍ മുതല്‍ ഉന്നത നേതൃത്വം വരെ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് റാലികള്‍ക്കും, കണ്‍വെന്‍ഷനുകള്‍ക്കും നേരിട്ടുള്ള സ്ഥാനാര്‍ത്ഥി പ്രചരണങ്ങള്‍ക്കുമെല്ലാം തുല്യമോ അതിലുമധികമോ ആയ സ്വാധീനം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കും ഡിജിറ്റല്‍ സംവാദങ്ങള്‍ക്കും വഹിക്കാനുണ്ട് എന്നത് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിക്കുന്നുണ്ട്.
ഡിജിറ്റല്‍ ഡിവൈഡും ഇന്ത്യന്‍ രാഷ്ട്രീയവുമെന്ന വിഷയത്തില്‍ ഏറെ കാലമായി പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയിലെ ഡിജിറ്റല്‍ സ്വാധീനം ഒരു ചെറിയ വരേണ്യ വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെന്നും ഇതിനു പുറത്തും വലിയ വോട്ടിങ്ങ് ജനസംഖ്യ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്ന വാദങ്ങളായിരുന്നു കൂടുതലായും ഉയര്‍ന്നു വന്നത്. എന്നാല്‍ 2016നും 2019നും ഇടയിലുള്ള കാലയളവില്‍ ചെറിയ ചിലവില്‍ ഡാറ്റ ലഭ്യമായതോടെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് സാങ്കേതികതയുടെ ഉപയോഗം അവഗണിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്കും ഡാറ്റയ്ക്കും വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആദ്യ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് കേരളത്തില്‍ ഓക്ടോബറില്‍ വരാന്‍ പോകുന്നത്. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോഴും ഓണ്‍ലൈന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ വലിയ പ്രാധാന്യം നല്‍കി വരുന്നുണ്ട്.
കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ – ഒരു അവലോകനം
കേരളത്തില്‍ സി.പി.ഐ.എം, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവരുടെ ഫെയ്സ്ബുക്ക് സ്വാധീനം അവലോകനം ചെയ്യുമ്പോള്‍ താരതമ്യേന പിന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തില്‍ ഇതുവരെ നിര്‍ണായക രാഷ്ട്രീയ സ്വാധീനമായി മാറാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബി.ജെ.പിയുടെ ഫെയ്സ്ബുക്ക് പേജിനാണ് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ഉള്ളത്. 6,52,000 പേരാണ് ബി.ജെ.പിയുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം സി.പി.ഐ.എമ്മിന് ഇത് 4,65,000 മാത്രം ലൈക്ക് ആണ് ഉള്ളത്. കോണ്‍ഗ്രസിനാകട്ടെ 2,60,000 ലൈക്കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പേജിന് 1.1 മില്ല്യണ്‍ ലൈക്ക് ഉണ്ട്. കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും സോഷ്യല്‍ മീഡിയാ സ്വീകാര്യത വലിയ രീതിയിലാണ് വര്‍ധിച്ചത്.
അതേസമയം പേജിന്റെ വളര്‍ച്ചയിലും പോസ്റ്റുകളിലെ ഇന്ററാക്ഷനിലും കഴിഞ്ഞ ഒരു വര്‍ഷമായി സി.പി.ഐ.എം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. +34.88% ശതമാനമാണ് സി.പി.ഐ.എമ്മിന്റെ പേജിന്റെ വളര്‍ച്ച. താരതമ്യേന കൂടുതല്‍ ഫെയ്സ്ബുക്ക് ലൈക്കുകള്‍ ഉണ്ടെങ്കിലും ബി.ജെ.പിയ്ക്ക് +3.38% ശതമാനം പേജ് വളര്‍ച്ച് മാത്രമേ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളൂ. കോണ്‍ഗ്രസാകട്ടെ +4.71ശതമാനം പേജ് വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്.
സോഴ്‌സ്: ക്രൗഡ് ടാംഗിള്‍
കഴിഞ്ഞ മൂന്ന് മാസത്തെ കണക്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്ററാക്ഷന്‍ ഫെയ്സ്ബുക്കില്‍ ഉണ്ടാക്കിയിരിക്കുന്നത് സി.പി.ഐ.എം ആണ്. അതായത് കഴിഞ്ഞ മൂന്ന് മാസത്തില്‍ സി.പി.ഐ.എമ്മിന്റെ പേജുകളില്‍ കൂടുതല്‍ ആളുകള്‍ എത്തുകയും ഷെയര്‍, ലൈക്ക്, കമന്റ് തുടങ്ങിയവ ചെയ്തിട്ടുമുണ്ട്. തൊട്ടു പിന്നിലുള്ളത് ബി.ജെ.പിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സി.പി.ഐ എമ്മിനേക്കാളും ബി.ജെ.പിയെക്കാളും ബഹുദൂരം പിന്നിലാണ് ഇക്കാര്യത്തില്‍.
സോഴ്‌സ്: ക്രൗഡ് ടാംഗിള്‍
പാര്‍ട്ടി ഘടകങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിന് ലൈക്ക് നല്‍കാന്‍ അംഗങ്ങള്‍ക്ക് സി.പി.ഐ.എം ക്വാട്ട നിശ്ചയിച്ചിരുന്നു. ഓരോ ലോക്കല്‍ കമ്മിറ്റിയും 1000 ലൈക്കുകകളും പോഷക, വര്‍ഗ ബഹുജന സംഘടനകളുടെ ജില്ലാ കമ്മിറ്റികള്‍ക്ക് പതിനായിരം ലൈക്കുമാണ് ക്വാട്ടയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓരോ ജില്ലയ്ക്കും ലൈക്ക് ക്യാമ്പയിന് പ്രത്യേക ദിവസം നിശ്ചയിച്ചാണ് സി.പി.ഐ.എം ക്യാമ്പയിന്‍ നടത്തുന്നത്.
പ്രാദേശിക തലത്തില്‍ തന്നെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ കാര്യക്ഷമമാക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ രീതിയിലുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. പല ജനപ്രതിനിധികളുടെയും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന് പിന്നില്‍ വലിയ ടീമുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വിറ്ററിലും സജീവമാകാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ട്. നിലവില്‍ വാട്ട്സ് ആപ്പും, ഫെയ്സ്ബുക്കുമാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും പ്രചരണത്തിനായി ഉപയോഗിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യ തലസ്ഥാനമായ ദല്‍ഹിക്ക് ശേഷം ഇന്റര്‍നെറ്റ് വ്യാപനത്തിന് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് വ്യാപനം കൂടുതലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം മുന്നിലാണ്. അഖിലേന്ത്യ ശരാശരിയേക്കാള്‍ ഇരട്ടിയാണ് കേരളത്തിലെ ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ തോത്. ഇതില്‍ ഭൂരിഭാഗം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണെന്നും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്റെ കണക്ക് വ്യക്തമാക്കുന്നു. ലാപ്ടോപ്പും, ഡെസ്‌ക്ടോപ്പും വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രമാണെന്നും കണക്കുകള്‍ പറയുന്നു.
30 ശതമാനത്തില്‍ താഴെമാത്രം ഇന്റര്‍നെറ്റ് വ്യാപനമുള്ള ബീഹാറില്‍ ബി.ജെ.പി ഡിജിറ്റല്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്. ഇതിന്റെ ഭാഗമായി അറുപത് വെര്‍ച്ച്വല്‍ റാലികള്‍ ബി.ജെ.പി ഇതിനോടകം പൂര്‍ത്തിയാക്കി. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 9,500 ഐ.ടി സെല്‍ മേധാവികളെയാണ് ബി.ജെ.പി പ്രധാന ഘടകങ്ങളിലായി നിയമിച്ചിരിക്കുന്നത്. ബി.ജെ.പി.യുടെ രാഷ്ട്രീയ പ്രചരണത്തിന് നേതൃത്വം വഹിക്കുന്നത് പ്രധാനമായും ഇവരായിരിക്കും.
ഐ.ടി സെല്ലിനു പുറമെ 72000 വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും ഓരോ ബുത്തുകളിലുമായി രൂപീകരിക്കാനും ബി.ജെ.പിയ്ക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ രണ്ട് മാസത്തില്‍ മാത്രം 50,000 വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ബീഹാറില്‍ ബി.ജെ.പി രൂപീകരിച്ചത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നേതാക്കളുടെ പ്രസംഗവും ആശയവും പ്രചരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.
ബൂത്ത് ലെവല്‍ വര്‍ക്കര്‍മാരുടെ നേതൃത്വത്തിലാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് മാനേജ് ചെയ്യുക. ഇവര്‍ ബി.ജെ.പിയുടെ ദേശീയ ഐ.ടി സെല്‍ ഹെഡ് അമിത് മാളവിയയുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സമാനമായ രീതിയില്‍ വലിയ പ്രചരണ പരിപാടികളാണ് കേരളത്തിലും ബി.ജെ.പി ആലോചിച്ച് വരുന്നത്.
മാറിയ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തുമെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്
‘സി.പി.ഐ.എം ഇപ്പോള്‍ തന്നെ ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നീ സാധ്യതകളെല്ലാം ഉപയോഗിക്കുന്നുണ്ട്. മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി ക്ലാസുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി നടക്കുന്നുണ്ട്. ഇതിന് വലിയ റീച്ച് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ആളുകളിലേക്ക് ഞങ്ങളുടെ രാഷ്ട്രീയമെത്തിക്കാന്‍ വെര്‍ച്ച്വല്‍ സാധ്യതകളെല്ലാം പരമാവധി ഉപയോഗിക്കും. പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങുകളും കമ്മിറ്റിയുമെല്ലാം ഇപ്പോള്‍ തന്നെ ഓണ്‍ലൈനായാണ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റിയും സി.പി.ഐ.എം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു’ അദ്ദേഹം പറഞ്ഞു.
”കേരളത്തില്‍ താരതമ്യേന ഡിജിറ്റല്‍ സംവിധാനങ്ങള്‍ എല്ലായിടത്തും എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടി വന്നതോടെ സാങ്കേതിക വിദ്യ എല്ലായിടത്തുമെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമവും നടക്കുന്നുണ്ട്. അതേസമയം ഇത് എല്ലാക്കാലത്തും നടക്കുന്നതല്ല. രാജ്യത്തെ മൊത്തം സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നെറ്റവര്‍ക്ക് ലഭ്യത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രശ്നമാണെന്ന് മനസിലാക്കാം. നിലവില്‍ നമ്മുടെ മുമ്പിലുള്ള സാധ്യത ഇതാണ്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പ്രചരണരീതികളെ പരമാവധി ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സമാനമായ അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കണ്‍വീനറുമായ ബെന്നി ബെഹനാനും പങ്കുവെച്ചത്. കൊറോണയുടെ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാത്രമല്ല, അല്ലാതെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൈലിയിലും പ്രചരണ ശൈലിയിലുമെല്ലാം സോഷ്യല്‍ മീഡിയക്കും ഓണ്‍ലൈന്‍ പ്രചരണത്തിനും പ്രധാന്യം കൂടി വരികയാണ്. ഈസാഹചര്യത്തില്‍ യു.ഡി.എഫ് സ്വാഭാവികമായും അത്തരം രീതികള്‍ അവലംബിക്കുന്നതായിരിക്കുമെന്ന് ബെന്നി ബെഹനാന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ബെന്നി ബെഹനാന്‍
‘കൊവിഡിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ആലോചിക്കേണ്ടത്. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്രചരണത്തിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കണക്റ്റിവിറ്റി കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണ പരിപാടിയില്‍ സോഷ്യല്‍ മീഡിയയും ഓണ്‍ലൈനുമെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. അത് കൂടുതല്‍ കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനുമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ മാറിമറയുന്ന തെരഞ്ഞെടുപ്പ് കാലം
ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമായി കണ്ട സംസ്ഥാനമായതു കൊണ്ട് തന്നെ കേരളത്തില്‍ കൊവിഡ് സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പലരീതിയല്‍ വ്യത്യസ്തമാകുന്നുണ്ട്. പരമ്പരാഗത തെരഞ്ഞെടുപ്പ് രീതികളില്‍ വലിയ തോതിലുള്ള മാറ്റം ഇനിയങ്ങോട്ട് പ്രതീക്ഷിക്കാമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. നേരിട്ടുള്ള സംവേദനത്തില്‍ വലിയ വ്യത്യാസങ്ങള്‍ പ്രകടമാകുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ സോഷ്യല്‍ മീഡിയ എന്‍ഗേജ്മെന്റുകളെക്കുറിച്ചും, റീച്ചിനെക്കുറിച്ചുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കാലം കൂടിയാണ് ഇനി വരാനിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: Kerala political parties like cpim, congress and bjp switching to intense online campaign ahead of elections