കതിരൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളിലൊരാള്‍ ചികിത്സ തേടിയത് കള്ളപ്പേരില്‍; കേസ് പ്രത്യേക സംഘം അന്വേഷിക്കും
Kerala News
കതിരൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളിലൊരാള്‍ ചികിത്സ തേടിയത് കള്ളപ്പേരില്‍; കേസ് പ്രത്യേക സംഘം അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th September 2020, 3:34 pm

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജ പേരില്‍. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലാണ് പരിക്കേറ്റയാള്‍ കള്ളപ്പേരില്‍ ചികിത്സ തേടിയത്.

ഇയാള്‍ കൊലപാതക കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു.

അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മിച്ചത്. അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തലശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സംഘത്തെ നിയോഗിച്ചത്.

പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നതായും അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ബോംബ് നിര്‍മാണത്തിനായി സ്ഥലം നല്‍കിയ ആള്‍ക്കെതിരെയും കേസെടുത്തുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ടി.പി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്. രമീഷിന്റെ രണ്ട് കൈപ്പത്തികളും അറ്റ് പോയിട്ടുണ്ട്.

 

കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷെന്നാണ് റിപ്പോര്‍ട്ട്.

രമീഷിനെ കൂടാതെ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറി നടന്ന കതിരൂര്‍ പൊന്ന്യം സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്.

തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ നാല് ദിവസങ്ങളായി കണ്ണൂരിന്റെ പല ഭാഗത്തും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടാകുകയും അതിന് പിന്നാലെ സി.പി.ഐ.എമ്മിന്റെ വായനശാല തകര്‍ക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kathiroor Bomb explosion while its making; one among accused get treatment as another name