കരുത്തര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ല; നേമം സീറ്റില്‍ പ്രതികരണവുമായി കെ. മുരളീധരന്‍
Kerala News
കരുത്തര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ല; നേമം സീറ്റില്‍ പ്രതികരണവുമായി കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th March 2021, 11:22 pm

കോഴിക്കോട്: നേമത്തിന് ഇത്ര വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ലായിരുന്നുവെന്ന് കെ. മുരളീധരന്‍. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് തന്നെ വലിയൊരു സന്ദേശമായിരുന്നെന്നും പിന്നീട് കരുത്തര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അവരവരുടെ മണ്ഡലങ്ങളുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ്. അവര്‍ ആ സീറ്റുകളില്‍ നിന്ന് മാറിയാല്‍ ആ സീറ്റ് ജയിക്കണമെന്നില്ല. കോണ്‍ഗ്രസിന് സംഘടനാ ദൗര്‍ബല്യമുണ്ട്. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ ബന്ധങ്ങളാണ് ഉള്ളതെന്നും കെ. മുരളീധരന്‍ പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു പ്രതികരണം.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായി മുരളീധരനെ ദല്‍ഹിയിലേക്ക് വിളപ്പിച്ചതിലും അദ്ദേഹം പ്രതികരിച്ചു. ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്നും ഇക്കാര്യം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് കാര്യവും ചെയ്യാന്‍ തയാറാണെന്നും ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല ദല്‍ഹിയിലേക്ക് നാളെ പോകാനിരുന്നതാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വട്ടിയൂര്‍ക്കാവിലോ നേമത്തോ കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്റിന് ആലോചനയുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

അതേസമയം, എം.പിമാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  K Muraleedharan about Nemam Seat