Kerala News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പോക്‌സോ കേസുകളില്‍ നേരിട്ട് കേസെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 19, 04:06 am
Thursday, 19th September 2024, 9:36 am

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോട്ടിലെ ഗുരുതര സ്വഭാവമുള്ള പോക്‌സോ വെളിപ്പെടുത്തലുകളില്‍ നേരിട്ട് കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം.

ഗൗരവസ്വഭാവമുള്ള 20 മൊഴികളില്‍ അന്വേഷണ സംഘം പരാതിക്കാരെ കാണും. പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. അതിജീവിതകളില്‍ നിന്ന് പുതിയ മൊഴി ലഭിച്ചാല്‍ കേസ് എടുക്കാനാണ് തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോട്ടില്‍ 3896 പേജുകളാണുള്ളത്. ആ റിപ്പോര്‍ട്ട് അന്വേഷണസംഘം പഠിച്ചതിന് ശേഷമാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് 2021 ല്‍ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കിട്ടിയിട്ടും എന്തുകൊണ്ട് ബലാത്സംഗം, പോക്സോ കേസുകള്‍ നടപടി എടുത്തില്ല എന്ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന ഘട്ടത്തില്‍ മൊഴി രേഖപ്പെടുത്തിയ വ്യക്തികളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ വകുപ്പ് ഇല്ലെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. പോക്സോ കേസ് എടുക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും പ്രായപൂര്‍ത്തി ആയവര്‍ സ്വമേധയാ വന്നാല്‍ മാത്രമെ കേസ് എടുക്കാന്‍ കഴിയൂ എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ലൈംഗികാതിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് എടുക്കണമെന്ന ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക പി. ഇ ഉഷയും പരാതി നല്‍കിയിരുന്നു.

റിപ്പോര്‍ട്ടിലെ 41-ാം പേജിലെയും 82-ാം പേജിലെയും പരാമര്‍ശങ്ങളില്‍ പോക്സോ ആക്ട് പ്രകാരം കേസ് എടുക്കാമെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിക്കാണ് ഉഷ പരാതി നല്‍കിയത്.

 

Content Highlight: Hema Committee Report: POCSO cases will be prosecuted directly