കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പരാമര്‍ശം നടത്തി ബി.ജെ.പി വക്താവ് രാധാകൃഷ്ണ മേനോന്‍. ‘മുഖ്യമന്ത്രിയുടെ മകളെ മരുമകന് കൊടുത്തത് പോലെ, ഇവിടുത്തെ പ്രജകളെയും ഒരു പ്രത്യേക വിഭാഗത്തിന് കൊടുക്കാനുള്ള പരിപാടിയാണ്,’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശാസ്ത്രം- മിത്ത് പരാമര്‍ശവുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം.
‘കുട്ടികളെ പ്രബുദ്ധരാക്കാന്‍ വേണ്ടി അബദ്ധത്തില്‍ പറഞ്ഞതല്ല ഷംസീറിന്റെ പ്രസ്താവന. ഇത് സി.പി.ഐ.എമ്മിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമായിട്ട് മനപ്പൂര്‍വം നടത്തുന്നതാണ്. അവരുടെ സംസ്ഥാന സെക്രട്ടിയും പാര്‍ട്ടിയും എടുക്കുന്ന നിലപാടില്‍ നിന്ന് അതാണ് അറിയാന്‍ കഴിയുന്നത്.
ഷംസീര്‍ തെറ്റുപറ്റിയെന്ന് പറഞ്ഞെങ്കില്‍ ഈ പ്രശ്‌നം ഇവിടെ തീരുമായിരുന്നു. പക്ഷേ അതിന് തയ്യറാകാതെ കാലങ്ങളായി ഹൈന്ദവ സമൂഹത്തോട് ചെയ്യുന്ന തെറ്റ് സി.പി.ഐ.എം ആവര്‍ത്തിക്കുകയാണ്. ക്ഷേത്ര ഭരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിശ്വാസികളല്ലാത്തവരെവെച്ച് ക്ഷേത്രത്തെ അട്ടിമറിക്കുകയാണ്.
ശബരിമല ശാസ്താവിന്റെ മുന്നില്‍ പോയി കയ്യും കെട്ടി നില്‍ക്കുന്ന മന്ത്രി, ശാസ്താവിനെ വണങ്ങാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി, ആ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മകളെ മരുമകന് കൊടുത്തത് പോലെ ഇവിടുത്തെ പ്രജകളെക്കൂടി പ്രത്യേക വിഭാഗത്തിന് കൊടുക്കാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണിത്,’ എന്നാണ് രാധാകൃഷ്ണ മേനോന്‍ പറയുന്നത്.
എന്നാല്‍ ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രതിനിധി കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിക്കണമെന്ന് അവതാരകനായ മഞ്ജുഷും കോണ്‍ഗ്രസ് പ്രതിനിധി ജി.വി. ഹരിയും അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസ്താവന പിന്‍വലിക്കാതെ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്ന് കിടന്നുരുകളുകയായിരുന്നു.
ഇതോടെ, അങ്ങേയറ്റം വര്‍ഗീയവിദ്വേഷം ചീറ്റുന്ന പ്രസ്താവന നടത്തിയ രാധാകൃഷ്ണമേനോന്‍ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാതെ തുടരാനാവില്ലെന്ന് പറഞ്ഞ് കെ.ടി. കുഞ്ഞക്കണ്ണന്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ഷംസീര്‍ പ്രസ്താവന പിന്‍വലിച്ചില്ലല്ലോ പിന്നെ എന്തിന് താന്‍ പിന്‍വലിക്കണമെന്ന ന്യായീകരണമാണ് രാധാകൃഷ്ണ മേനോന്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയത്.